കോഴിക്കോട്: സംസ്ഥാനത്തുടനീളം മഴ കണക്കുന്നതിനിടെ വിവിധയിടങ്ങളിലായി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച ഒന്നരവയസുള്ള പെൺകുഞ്ഞിന്റെ വാർത്തയാണ് ഒടുവിൽ വരുന്നത്. ഇടുക്കിയിലെ ചിന്നക്കനാൽ സ്വദേശികളായ രാജശേഖരൻ-നിത്യ ദമ്പതികളുടെ മകൾ നിത്യശ്രീയാണ് മരണപ്പെട്ടത്. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി മാറ്റിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
മലയോര മേഖലയിലാണ് ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാളായി. നിത്യശ്രീയെ കൂടാതെ മൂന്നുപേരും മഴയിൽ മരണപ്പെട്ടിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ചുണ്ടക്കുളം ഊരിലെ കാര, വയനാട് കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു, കണ്ണൂർ കുഴിക്കൽ സ്വദേശി ശിൽപ്പ നിവാസിൽ പദമനാഭൻ എന്നിവരാണ് മരണപ്പെട്ടത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളം പൊലീസിന്റെ എല്ലാ വിഭാഗങ്ങളും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്.
വെള്ളപൊക്കം മൂലം ദുരിതത്തിലായ എല്ലാ ജില്ലകളിലും പൊലീസ് ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ആവശ്യപ്പെട്ട് വിളിക്കുന്ന എല്ലാവർക്കും പൊലീസ് കഴിയുന്നത്ര വേഗത്തിൽ സേവനം നൽകുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. കോഴിക്കോട് ഇതുവരെ പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 127 കുടുംബങ്ങളിലെ 428 പേരാണ് ഇവിടെ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്. വയനാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ നേരത്തെ തന്നെ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വൈദ്യുത കമ്പികൾ പൊട്ടിവീണു ഷോക്കേൽക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇങ്ങനെ കമ്പികൾ പൊട്ടികിടക്കുന്നതോ, പോസ്റ്റുകൾ വീണു കിടക്കുന്നതോ ആയി ശ്രദ്ധയിൽ പെട്ടാൽ ഉടൻ തങ്ങളെ അറിയിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. സ്ഥലം കൃത്യമായി തന്നെ അറിയിക്കണമെന്നും കെ.എസ്.ഇ.ബി പറഞ്ഞു. ഇതിനായി കെ.എസ്.ഇ.ബിയുടെ കസ്റ്റമർ കെയർ നമ്പർ ഉപയോഗപ്പെടുത്തണമെന്നും അവർ പറഞ്ഞു. മഴ നിലയ്ക്കാതെ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.