vallasadhya

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്കാലത്തിന് തുടക്കമായിരിക്കുകയാണ്. ആറന്മുള ഉത്രട്ടാതി ജലോത്സവം, വഴിപാട് വള്ളസദ്യകൾ, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് ക്ഷേത്രകടവിലേക്കെത്തുന്നത്. ചെറുകോൽ, കോഴഞ്ചേരി, പ്രയാർ, തെക്കേമുറി, പുന്നംതോട്ടം, വെൺപാല, ഓതറ, നെടുംപ്രയാർ എന്നീ എട്ട് പള്ളിയോടങ്ങൾക്കാണ് ആദ്യ ദിവസം വള്ളസദ്യ നടക്കുന്നത്.

ഈ വർഷം ഇതുവരെയായി വഴിപാട് വള്ളസദ്യകൾ 430 പിന്നിട്ടു. പ്രളയം മൂലം കഴിഞ്ഞ വർഷം വള്ളസദ്യ മാറ്റിവച്ചവരും ഇത്തവണ വഴിപാടിനായി ബുക്ക് ചെയ്തിട്ടുണ്ട്. വഴിപാടിന് ആഗ്രഹിക്കുന്നവർ പള്ളിയോട സേവാസംഘത്തിൽ പതിനായിരം രൂപ അടച്ച് ബുക്ക് ചെയ്യണം. വളളസദ്യ ഒരുക്കുന്നതിനായി 15 സദ്യ കരാറുകാരുടെ അംഗീകൃത പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് തുടർ ദിവസങ്ങളിൽ സദ്യ ലഭിക്കാത്ത തരത്തിലുള്ള ക്രമത്തിലാണ് വള്ളസദ്യ നടത്താൻ ഏൽപ്പിക്കുന്നത്. പാചകക്കാർക്കും മറ്റ് തൊഴിലാളികൾക്കും വിശ്രമം ലഭിക്കുന്നതിനും മെച്ചപ്പെട്ട സേവനം വഴിപാട് കാർക്ക് ലഭിക്കുന്നതിനുമാണ് ക്രമീകരണം.

64 വള്ളസദ്യ വിഭവങ്ങൾ
1 ചോറ്, 2, പരിപ്പ്, 3. പപ്പടം. 4. നെയ്യ്, 5. അവിയൽ, 6 സാമ്പാർ, 7 തോരൻ, 8 പച്ചടി, 9 കിച്ചടി, 10 നാരങ്ങ, 11 ഇഞ്ചി, 12 കടുമാങ്ങ, 13 ഉപ്പുമാങ്ങ, 14 ആറന്മുള എരിശേരി, 15 കാളൻ, 16 ഓലൻ, 17 രസം, 18 മോര്, 19 അടപ്രഥമൻ, 20 പാൽപ്പായസം, 21 പഴം പ്രഥമൻ, 22 കടലപ്രഥമൻ, 23 ഏത്തയ്ക്ക ഉപ്പേരി, 24 ചേമ്പ് ഉപ്പേരി, 25 ചേന ഉപ്പേരി, 26 ശർക്കര പുരട്ടി, 27 സ്റ്റൂ, 28 കാളിപ്പഴം, 29 ഏള്ളുണ്ട, 30 പരിപ്പുവട, 31 ഉണ്ണിയപ്പം, 32 കൽക്കണ്ടം, 33 ശർക്കര, 34 പഞ്ചസാര, 35 ഉണക്ക മുന്തിരിങ്ങ, 36 കരിമ്പ്, 37 മെഴുക്ക് പുരട്ടി, 38 ചമ്മന്തിപ്പൊടി, 39 നെല്ലിക്ക അച്ചാർ, 40 ഇഞ്ചിത്തൈര്, 41 പഴം നുറുക്ക്, 42 ജീരകവെള്ളം, 43 അവൽ, 44 മലർ. എന്നിവയാണ് വള്ളസദ്യയുടെ സാധാരണ വിഭവങ്ങൾ.

കൂടാതെ വഞ്ചിപ്പാട്ട് പോലെ തന്നെ വള്ളസദ്യപ്പാട്ടുകളിലൂടെ പാടി ചോദിക്കുന്ന നിശ്ചിത വിഭവങ്ങളുമുണ്ട്. 1 പഞ്ചസാര, 2 വെണ്ണ, 3 കാളിപ്പഴം, 4 കദളിപ്പഴം, 5 പൂവമ്പഴം, 6 തേൻ, 7 ചുക്കുവെള്ളം, 8 ചീരത്തോരൻ, 9 മടന്തയില തോരൻ, 10 തകരയില തോരൻ, 11 വഴുതനങ്ങ മെഴുക്ക് പുരട്ടി, 12 അമ്പഴങ്ങ, 13 ഉപ്പുമാങ്ങ, 14 പഴുത്തമാങ്ങക്കറി, 15 പാളത്തൈര്, 16 ഇഞ്ചിത്തൈര്, 17 വെള്ളിക്കിണ്ടിയിൽ പാൽ, 18, അടനേദ്യം, 19 ഉണക്കലരിച്ചോറ്, 20 പമ്പാതീർഥം എന്നിവയാണ് പാടി ചോദിക്കുന്ന വള്ളസദ്യവിഭവങ്ങൾ

ഹരിത ചട്ടങ്ങൾ
വഴിപാട് വള്ളസദ്യകൾ, വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും ഹരിത ചട്ടങ്ങൾ നടപ്പാക്കാൻ പള്ളിയോട സേവാസംഘം ആവശ്യമായ നിർദേശം നൽകി. ഇതിന്റെ ഭാഗമായി കാർബൺ മാലിന്യം പുറന്തള്ളുന്നത് കുറയ്ക്കാനായി പാചകവാതകം ഉപയോഗിക്കാൻ നിർദേശം നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നിനായി അവയുടെ ഉപയോഗം കുറയ്ക്കാൻ നിർദേശം നൽകി. വള്ളസദ്യയുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സംസ്‌കരണത്തിനും പള്ളിയോട സേവാസംഘം കരാർ നൽകിയിട്ടുണ്ട്.

അഷ്ടമിരോഹിണി
അഷ്ടമിരോഹിണി വള്ളസദ്യയ്ക്കും സമൂഹസദ്യയ്ക്കുമായി ആഗസ്റ്റ് 22 ന് അഗ്നിപകരും. 23 ന് രാവിലെ 11 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. 52 പള്ളിയോടങ്ങൾ അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കും. 300 പറ അരിയും വിഭവങ്ങളുമാണ് സദ്യയ്ക്ക് വേണ്ടി വരുന്നത്. ചേനപ്പാട്ടി കരയിൽ നിന്നുള്ള പാളത്തൈരുമായി എത്തുന്ന ഭക്തസംഘത്തിന് 22 ന് സ്വീകരണം നൽകും. പള്ളിയോട സേവാ സംഘത്തിന്റെയും വള്ളസദ്യ നിർവഹണസമിതിയുടെയും നേതൃത്വത്തിലാണ് അഷ്ടമിരോഹിണി വളളസദ്യ നടത്തുന്നത്. വള്ളസദ്യ വഴിപാടായി നടത്തുന്നതിന് ഭക്തജനങ്ങൾക്ക് ആയിരം, മുതൽ പതിനായിരം രൂപ വരെയുള്ള വഴിപാട് കൂപ്പണുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ സദ്യയ്ക്കാവശ്യമായ വിഭവങ്ങളും അതത് കരകൾ മുഖേനയും നേരിട്ടും വഴിപാടായി സമർപ്പിക്കാം.