ചെന്നൈ: എൽ.ഐ.സി 'ജീവൻ അമർ" എന്ന ഏറ്റവും കുറഞ്ഞ പ്രീമിയമുള്ള പുതിയ ടേം ഇൻഷ്വറൻസ് പദ്ധതി അവതരിപ്പിച്ചു. ഓഫ്‌ലൈനായി ലഭിക്കുന്ന പദ്ധതിയിൽ രണ്ട് ഡെത്ത് കവർ ഓപ്‌ഷനുകളാണുള്ളത് - ലെവൽ സം അഷ്വേർഡും ഇൻക്ളീസിംഗ് സം അഷ്വേർഡും. മാർക്കറ്രിൽ ലിങ്ക് ചെയ്യപ്പെടാത്ത ഈ പദ്ധതിയിൽ 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാം. 80 വയസാണ് പരമാവധി മെച്യൂരിറ്റി പ്രായം. 10 മുതൽ 40 വർഷം വരെ പോളിസി ടേം തിരഞ്ഞെടുക്കാനാകും. 25 ലക്ഷം രൂപയാണ് ഏറ്രവും കുറഞ്ഞ കവറേജ്. പരമാവധി തുകയ്ക്ക് പരിധിയില്ലെന്ന പ്രത്യേകതയുണ്ട്.
പോളിസി പ്രീമിയം ഒറ്റത്തവണയായോ ഘട്ടംഘട്ടമായോ അടയ്‌ക്കാം. പുകവലിക്കുന്നവർക്കും അല്ലാത്തവർക്കുമായി സ്‌മോക്കർ, നോൺ-സ്‌മോക്കർ കാറ്റഗറികളും ഈ പദ്ധതിയിലുണ്ട്. നോൺ-സ്‌മോക്കർ ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നവർ അനുബന്ധ ടെസ്‌റ്രിന് വിധേയരാകേണ്ടി വരും. ജീവൻ അമർ പ്ളാനിൽ സ്‌ത്രീകൾക്ക് കുറഞ്ഞ പ്രീമിയം ആനുകൂല്യം ലഭ്യമാണ്.
പോളിസി ടേം കാലയളവിൽ പോളിസി ഉടമ മരിച്ചാൽ ഇൻഷ്വറൻസ് തുക നോമിനിക്ക് ലഭിക്കും. എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാറാമാണ് ജീവൻ അമർ പദ്ധതി അവതരിപ്പിച്ചത്.