''നാളെ പൂജയ്ക്കുള്ള സാധനങ്ങൾ ഞങ്ങൾ വാങ്ങിക്കൊണ്ടുവന്നോളാം. "
അല്പനേരം കോവിലകത്ത് തങ്ങിയിട്ട് ചുങ്കത്തറ വേലായുധ പണിക്കർ എഴുന്നേറ്റു.
''പണിക്കരു ചേട്ടന് ഇന്നിവിടെ താമസിച്ചുകൂടേ?" ചോദിച്ചത് ചന്ദ്രകലയാണ്.
വേലായുധ പണിക്കർ പുഞ്ചിരിച്ചു.
''ഇപ്പോഴും പേടി മാറിയിട്ടില്ല. അല്ലേ? ഞാൻ ഇവിടെ തങ്ങുന്നതിനു തുല്യമാണ് ഞാൻ നിങ്ങളുടെ കൈകളിൽ ജപിച്ചുകെട്ടിയിരിക്കുന്ന ചരടുകൾ. ഒരു ദുർശക്തിക്കും നിങ്ങളെ തൊടാനാവില്ല. ധൈര്യമായിരിക്ക്."
പണിക്കർ, ചന്ദ്രകലയെയും പ്രജീഷിനെയും ആശ്വസിപ്പിച്ചു.
''എങ്കിൽ ഇവരിൽ ഒരാൾ ഇവിടെ നിൽക്കട്ടെ."
പ്രജീഷ്, പരുന്തു റഷീദിനെയും അണലി അക്‌ബറെയും നോക്കി.
''വേണമെങ്കിൽ അങ്ങനെ ചെയ്തോളൂ."
പണിക്കരും സമ്മതിച്ചു.
അങ്ങനെ അണലി അക്‌ബർ കോവിലകത്തു നിൽക്കാനും പരുന്ത് റഷീദ്, പണിക്കർക്കൊപ്പം പോകാനും തീരുമാനമായി.
പണിക്കരും പരുന്തും യാത്രയായി.
തറവാടു മുറ്റത്തു നിന്നിറക്കിയ അംബാസിഡർ കാർ നിലമ്പൂരിനുള്ള ഇറക്കം ഇറങ്ങിത്തുടങ്ങി.
പരുന്തിന്റെയൊപ്പം മുൻ സീറ്റിലായിരുന്നു വേലായുധ പണിക്കരും.
ഡ്രൈവു ചെയ്യുന്നതിനിടയിൽ പരുന്ത് തലതിരിച്ച് പണിക്കരെ നോക്കി:
''പണിക്കരു ചേട്ടാ. എനിക്കീ ഭൂതത്തിലും പ്രേതത്തിലുമൊന്നും ഒട്ടും വിശ്വാസമില്ലായിരുന്നു. പക്ഷേ ഇന്നത്തെ സംഭവം. എന്താ അതിന്റെ അർത്ഥം?"
മെല്ലിച്ച കൈ കൊണ്ട് പണിക്കർ തന്റെ കഴുത്തിൽ കിടന്നിരുന്ന രുദ്രാക്ഷമാലയിൽ മെല്ലെ തഴുകി.
''നിന്നോട് തുറന്നു പറയാം പരുന്തേ... ഈ പ്രേതം എന്നുള്ളതൊക്കെ മനുഷ്യന്റെ വെറും വിഭ്രാന്തി മാത്രമാണെന്നായിരുന്നു എന്റെയും വിചാരം. അന്ധവിശ്വാസികളായ ജനങ്ങളെ പറ്റിച്ചാണ് ഞാൻ ഇത്രയും കാലം കഴിഞ്ഞതും. നമ്മൾ ഒരു ബാധയെ ഒഴിപ്പിച്ചുവെന്ന് വീട്ടുകാർ വിശ്വസിക്കണം. ആ വിശ്വാസം മനസ്സിൽ ഉറച്ചാൽ പിന്നെ അവർക്ക് യാതൊരു അനുഭവവും ഉണ്ടാകില്ല... പക്ഷേ."
പണിക്കർ ഒന്നു നിർത്തി.
അയാൾ തന്നെ ബാക്കി പറഞ്ഞോട്ടെ എന്നു കരുതി പരുന്ത് മിണ്ടാതിരുന്നു.
ഇരുളിൽ കാറിന്റെ ഹെഡ്‌ലൈറ്റുകൾ വെളിച്ചത്തിന്റെ ഒരു ഗുഹാമാർഗ്ഗം സൃഷ്ടിക്കുന്നതു നോക്കി അല്പനേരം ഇരുന്നു പണിക്കർ. പിന്നെ തുടർന്നു:
''ഇന്നത്തെ സംഭവം എന്നെയും ആകെ അങ്കലാപ്പിലാക്കിയിരിക്കുന്നു. ഞാൻ പഠിച്ച എല്ലാ വിദ്യകളും ഉപയോഗിച്ച് ഇതിനു ഞാൻ ഒരുത്തരം കണ്ടെത്തിയിരിക്കും പരുന്തേ... നാളെത്തന്നെ."
അങ്ങനെ പറയുമ്പോഴും പണിക്കരുടെ ശബ്ദത്തിന് വേണ്ടത്ര ബലമില്ലായിരുന്നു.
അപ്പോൾ വടക്കേ കോവിലകത്ത്....
''ശ്ശോ... ഞാൻ ഒരു കാര്യം മറന്നു."
അണലി അക്‌ബർ കൈ കുടഞ്ഞു.
''എന്താ?"
പ്രജീഷ് അയാളെ നോക്കി.
ഇരുവരും നടുത്തളത്തിലെ കസേരകളിൽ ഇരിക്കുകയായിരുന്നു.
''കാറിൽ ഇരുന്ന കുപ്പിയെടുക്കാൻ മറന്നു. പരുന്താണെങ്കിൽ ഇന്നിനി ഇങ്ങോട്ടു വരത്തുമില്ല. അവന് വഴിക്കടവിൽ ഒരു 'ചിന്നവീട്' ഉണ്ട്. അങ്ങോട്ടു പോകത്തേയുള്ളു."
പ്രജീഷ് ചിരിച്ചു:
''അതിൽ വിഷമിക്കണ്ട കാര്യമില്ല അക്‌ബറേ. ഇവിടെ സ്കോച്ചിരിപ്പുണ്ട്. അത് പോരേ?"
''സ്കോച്ചൊന്നും നമുക്കു പറ്റുന്ന ഐറ്റമല്ലാത്തതുകൊണ്ട് സാധാരണ ഉപയോഗിക്കാറില്ല. എന്നാലും അത്യാവശ്യമായ നിലയ്ക്ക് അതു മതി."
പ്രജീഷ് എഴുന്നേറ്റു പോയി.
കുപ്പിയിൽ പകുതിയോളം വരുന്ന സ്കോച്ചും മസാല ചേർത്ത് വറുത്ത കപ്പലണ്ടിയും ഒരു കുപ്പി തണുത്ത മിനറൽ വാട്ടറും കൊണ്ടുവന്നു. ഒരു ഗ്ളാസും.
''സാറ് കഴിക്കുന്നില്ലേ?" അണലി തിരക്കി.
''ഇന്ന് വേണ്ടാ. കല ആകെ ഭയന്നിരിക്കുകയാ..."
അപ്പോൾ ചന്ദ്രകലയുടെ വിളികേട്ടു.
''പ്രജീഷ്..."
''ദേ. വരുന്നു."
അയാൾ എഴുന്നേറ്റു.
''അടിച്ച് ഫിറ്റായിക്കോ അണലീ. ഗുഡ് നൈറ്റ്."
പ്രജീഷ് പോയി.
അണലി അക്ബർ സന്തോഷത്തോടെ കുപ്പിയെടുത്തു. അതിൽ ഒന്ന് ഉമ്മവച്ചു.
പിന്നെ അര ഗ്ളാസോളം പകർന്ന് വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് അകത്താക്കി. കുറെ കപ്പലണ്ടി വാരി വായിലിട്ടു.
സമയം കടന്നുപോയി.
അണലി ഫിറ്റായിക്കഴിഞ്ഞു.
കസേരയിൽത്തന്നെ ചാരിയിരുന്നു അയാൾ.
കുപ്പിയിൽ കാൽ ഭാഗത്തോളം സ്കോച്ച് ബാക്കിയുണ്ട്. രണ്ട് ലിറ്ററിന്റെ കുപ്പിയായിരുന്നു അത്.
അറിയാതെ അണലിയുടെ കണ്ണുകൾ അടഞ്ഞു തുടങ്ങി.
ശിരസ്സിൽ വെള്ളം വീണപ്പോൾ അയാൾ കണ്ണുകൾ തുറന്നു.
പക്ഷേ ശിരസ്സിൽ വീണ ദ്രാവകം കണ്ണുകളെ നനച്ചു.
വല്ലാത്ത നീറ്റൽ...
വീണത് വെള്ളമല്ല, മദ്യമാണെന്ന് അയാൾക്കു തോന്നി.
അണലി എഴുന്നേൽക്കാൻ ഭാവിച്ചു. കഴിഞ്ഞില്ല.
മുന്നിൽ ആരോ നിൽക്കുന്നതു പോലെ...
ഒപ്പം തീക്കൊള്ളി കൊണ്ട് കുത്തുന്നതുപോലെ ഒരു ചോദ്യം.
''വിവേകിനെ കാറിടിച്ചു വീഴ്‌ത്തിയത് നീയൊക്കെയല്ലേടാ? പിന്നെ മയക്കുമരുന്ന് കുത്തിവച്ചതും നീയൊക്കെയല്ലേ?"
മദ്യലഹരിയിലും അണലി വല്ലാതെ നടുങ്ങി.
''നീ.... നീയാരാ..."
''പാഞ്ചാലി."
പറഞ്ഞതും മുന്നിൽ ഒരു തീപ്പെട്ടിക്കോൽ ഉരഞ്ഞു.
അത് അണലിക്കുമേൽ പറന്നുവീണു...
ഒരു നീല തീജ്വാല അണലിയെ പൊതിഞ്ഞു.
(തുടരും)