sam

ന്യൂഡൽഹി: കാശ്‌മീർ വിഭജനത്തിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ അവസാനിപ്പിച്ചതിന്റെ തുടർച്ചയായി ഇന്ത്യ - പാക് സൗഹൃദ ട്രെയിനായ സംഝൗത എക്‌സ്‌പ്രസ് പാകിസ്ഥാൻ റദ്ദാക്കി. ഇന്നലെ പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ട്രെയിൻ വാഗാ അതിർത്തി സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള 110 യാത്രക്കാരാണ് ട്രെയിനിൽ ഉള്ളത്.

ഇന്ത്യയുമായുള്ള റെയിൽ ബന്ധം സസ്പെൻഡ് ചെയ്യുമെന്നും സംഝൗത എക്‌സ്‌പ്രസ് റദ്ദാക്കാൻ തീരുനാനിച്ചതായും പാകിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്‌ക്ക് റഷീദ് ഇന്നലെ ഇസ്ലാമാബാദിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. താൻ റെയിൽവേ മന്ത്രി ആയിരിക്കുന്നിടത്തോളം സംഝൗത എക്‌സ്‌പ്രസ് സർവീസ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിൻ വാഗാ അതിർത്തിയിൽ നിറുത്തിയതായി ഇന്ത്യൻ റെയിൽവേ സ്ഥിരീകരിച്ചു. ട്രെയിൻ റദ്ദാക്കിയ വിവരം ഇന്നലെ ഉച്ചയ്‌ക്ക് 2.14നാണ് പാക് അധികൃതർ ഇന്ത്യൻ റെയിൽവേ അധികൃതരെ അറിയിച്ചത്. തുടർന്ന് ഇന്ത്യൻ റെയിൽവേ ജീവനക്കാരുടെ സംഘത്തെ അങ്ങോട്ട് അയയ്‌ക്കുകയും ട്രെയിൻ വാഗായിൽ നിന്ന് ഇന്ത്യൻ ഭാഗത്ത് സ്റ്റേഷനായ അട്ടാരിയിൽ എത്തിക്കുകയുമായിരുന്നു.

സംഝൗത എക്‌സ്‌പ്രസ്

1971ലെ യുദ്ധം അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട

സിംല കരാർ പ്രകാരം തുടങ്ങിയ ട്രെയിൻ സർവീസ്

സംഝൗത എന്നാൽ കരാർ എന്നർത്ഥം

1976 ജൂലായ് 22നാണ് സർവീസ് തുടങ്ങിയത്

ഡൽഹി - ലാഹോർ - ഡൽഹി റൂട്ട്

ഒരു വഴിക്ക് 52 കിലോമീറ്റർ

ആദ്യം പ്രതിദിന സർവീസ്

രണ്ട് ട്രെയിനാണ്. ഡൽഹി - അട്ടാരി എക്‌‌സ്‌പ്രസും

അവിടെ നിന്ന് അട്ടാരി - ലാഹോർ എക്‌സ്‌പ്രസും (രണ്ടാമത്തേതാണ് സംഝൗത എക്‌സ്‌പ്രസ് )​

ആറ് സ്ലീപ്പർ കോച്ചും ഒരു എ.സി കോച്ചുമാണ് ട്രെയിനിലുള്ളത്

1994 മുതൽ ആഴ്‌ചയിൽ രണ്ട് സർവീസ്

80കളിൽ പഞ്ചാബിലെ ഭീകരപ്രവർത്തനം കാരണം ട്രെയിൻ അട്ടാരി വരെ മാത്രമാക്കി

2000 ഏപ്രിലിൽ പഴയതുപോലെയായി

പാർലമെന്റ് ഭീകരാക്രമണത്തെ തുടർന്ന് 2002 ജനു.1ന് സർവീസ് നിറുത്തി

2004ൽ പുനരാരംഭിച്ചു

2007ൽ ഡൽഹി - അട്ടാരി എക്‌സ്‌പ്രസിൽ ഹരിയാനയിൽ വച്ച് ഭീകരാക്രമണം, 70 മരണം

2012 ഒക്‌ടോബർ 8ന് ഇന്ത്യയിലേക്ക് വന്ന ട്രെയിനിൽ നിന്ന് വാഗാ അതിർത്തിയിൽ വച്ച് 100 കിലോ ഹെറോയിനും 500 വെടിയുണ്ടകളും പിടിച്ചെടുത്തു.