abil

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്റ്റീൽ നിർമ്മാണ കമ്പനിയായ സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ (സെയിൽ)​​ ചെയർമാൻ അനിൽകുമാർ ചൗധരിക്ക് (58​)​ നേരെ വധശ്രമം. ബുധനാഴ്ച രാത്രി ന്യൂഡൽഹിയിലാണ് സംഭവം.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചൗധരിയുടെ കാറിലേക്ക് നാലുപേരടങ്ങിയ അക്രമികൾ സഞ്ചരിച്ചിരുന്ന വാഹനം ബോധപൂർവം വന്നിടിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടികളുപയോഗിച്ച് ചൗധരിയെ ക്രൂരമായി മർദ്ദിച്ചു. ഒപ്പമുണ്ടായിരുന്ന ഡ്രൈവറെ അക്രമി സംഘം ഉപദ്രവിച്ചില്ല. തലയ്ക്കും കഴുത്തിനും കാലിനും കാൽമുട്ടിനും പരിക്കേറ്റ ചൗധരിയെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയസിൽ പ്രവേശിപ്പിച്ചു. ഗുരുതര നില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.
ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സംഭവം അവിചാരിതമല്ലെന്നും കൃത്യമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും സെയിൽ അധികൃതർ പറഞ്ഞു. ഇന്ന് കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യപാദ റിപ്പോർട്ട് അവതരിപ്പിക്കാനിരിക്കുകയായിരുന്നു.

ഡൽഹി സ്വദേശിയായ അനിൽകുമാർ ചൗധരി 2018ലാണ് സെയിലിന്റെ ചെയർമാനായി ചുമതലയേൽക്കുന്നത്. 2011 മുതൽ സെയിൽ ഫിനാൻസ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.