kaumudy-news-headlines

1. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ, സംസ്ഥാനം വീണ്ടും പ്രളയ ഭീതിയില്‍. വടക്കന്‍ ജില്ലകളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെല്ലാം ശക്തമായ മഴയും കാറ്റും തുടരുകയാണ്. മേഖലയിലെ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ വിവിധ അപകടങ്ങളിലായി 6 പേര്‍ മരിച്ചു. ഇടുക്കിയില്‍ മാത്രം 3 മരണം. ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് രാജശേഖരന്‍- നിത്യ ദമ്പതികളുടെ ഒരുവയസുള്ള കുഞ്ഞ് മരിച്ചു. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാന്തി ആണ് കുഞ്ഞിനെ പുറത്തെടുത്തത്


2. മറയൂരില്‍ മധ്യവയസ്‌കയും കാനൂരില്‍ ഷെഡിടിഞ്ഞ് ഒടീഷ സ്വദേശിയും മരിച്ചു. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചുണ്ടകുളം ഊരിലെ കാരയും വയനാട്ടില്‍ പനമരത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് വീട് ഒഴിയുന്നതിനിടെ കാക്കത്തോട് കോളിനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവും മരിച്ചു. കണ്ണൂരില്‍ തോട്ടില്‍ വീണ് മധ്യ വയസ്‌കന്‍ ആണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,385 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടങ്ങള്‍ മാറ്റി പാര്‍പ്പിച്ചു. ഇരുവഴഞ്ഞിപുഴ, ചാലിപ്പുഴ എന്നിവ കര കവിഞ്ഞത് ഒഴുകുന്നത് കനത്ത ആശങ്ക പരത്തുന്നുണ്ട്
3. ഡാമുകളിലും വന്‍ തോതില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്ത് 1,992 വീടുകള്‍ ഭാഗീകമായും 139 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 5,675 ഹെക്ടര്‍ കൃഷിയും നശിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടം കൂടുതല്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ആണ് മഴ അതിശക്തമായത്. കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും മണ്ണിടിച്ചിലും കടലാക്രമണവും രൂക്ഷമാണ്. പല ജില്ലകളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലാണ്.
4. മൂന്നാറില്‍ പലയിടത്തും വെള്ളം കയറി പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇടുക്കിയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുക ആണ്. 12 വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴമൂലം കോട്ടയം-കുമളി റോഡില്‍ ബസ് സര്‍വീസ് നിറുത്തിവച്ചു. മുണ്ടക്കയം കോസ്‌വേയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയതോടെ നെടുങ്കണ്ടം റൂട്ടിലും വാഹന ഗതാഗതം താറുമാറായി. മാങ്കുളത്ത് ഉരുളുപൊട്ടി രണ്ടു വീടുകള്‍ തകര്‍ന്നു
5. മഴ കനത്ത് പെയ്‌തെങ്കിലും മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളില്‍ വെള്ളം കുറവായത് വലിയ ആശ്വാസമായി. മുല്ലപ്പെരിയാറില്‍ 112 അടി വെള്ളം മാത്രമാണുള്ളത്. ഇടുക്കിയില്‍ കാല്‍ ശതമാനം വെള്ളം മാത്രമേ നിലവിലുള്ളു. അതേസമയം വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. പമ്പാ നദിയിലും വന്‍ തോതില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കോട്ടയം ജില്ലകളുടെ മലയോര മേഖലകളായ കണമല, എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി എന്നിവടങ്ങളിലെല്ലാം കനത്ത മഴ ദുരിതം വിതച്ചു
6. മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തും. സൈന്യത്തിന്റെ 60 അംഗ സംഘമാണ് എത്തുക എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് പലേടത്തും ഉയരുന്നതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടത് ഉണ്ട് എന്നും ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്
7. മഴ ശക്തമായതോടെ കരിപ്പൂര്‍ വിമാന താവളത്തില്‍ ഇറങ്ങേണ്ടി ഇരുന്ന മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഇത്തിഹാദ് വിമാനത്തിന്റെ കരിപ്പൂര്‍- അബുദാബി സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഈ വിമാനം ഇനി നാളെ പുലര്‍ച്ചെ ആവും അബുദാബിയിലേക്ക് തിരിക്കുക. ട്രെയിന്‍ ഗതാഗതവും താറുമാറായി. ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം- അമൃത്സര്‍ എക്സ്പ്രസ്, കൊച്ചുവേളി- മുംബയ് എക്സ്പ്രസ് എന്നിവ വൈകുന്നു. മുംബയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും ചെയ്തു
8. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂമും ആയി മൈജി. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മൈജി ബ്രാന്‍ഡ് അംബാസിഡറും നടനുമായ മോഹന്‍ലാല്‍ ശനിയാഴ്ച, കോഴിക്കോട് നിര്‍വ്വഹിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 1,000 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യം ഇടുന്നതെന്ന് മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി അറിയിച്ചു. മൊബൈല്‍ ഫോണുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ കൂടാതെ, ടെലിവിഷനുകള്‍, സൗണ്ട് സിസ്റ്റംസ്, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവ സ്വന്തമായി നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാനും പദ്ധതി ഉണ്ടെന്ന് എ.കെ.ഷാജി പറഞ്ഞു.