വയനാട്ടിൽ ഉരുൾപൊട്ടലിൽ നിരവധി പേരെ കാണാതായി
രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങും
ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു
500 വീടുകൾ തകർന്നു
5,000 പേർ ക്യാമ്പുകളിൽ
തിരുവനന്തപുരം: കേരളത്തെ വീണ്ടുമൊരു പ്രളയത്തിന്റെ കുത്തൊഴുക്കിലേക്ക് എടുത്തെറിഞ്ഞ് വടക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലും അതിശക്തമായി തുടരുന്ന മഴ വ്യാപക നാശവും തോരാദുരിതവും വിതച്ചു. വിവിധ ജില്ലകളിലെ മഴക്കെടുതികളിൽ ഒരു വയസുള്ള പെൺകുഞ്ഞും മൂന്നു സ്ത്രീകളും ഉൾപ്പെടെ എട്ട് പേർ മരിച്ചു.
വയനാട് മേപ്പാടി പുതുമലയിൽ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേർ അകപ്പെട്ടതായി സംശയിക്കുന്നു. അവിടെ രക്ഷാപ്രവർത്തനത്തിന് കണ്ണൂർ ടെറിട്ടോറിയൽ ആർമിയുടെ ഒരു കമ്പനി രാത്രിയിൽ പുറപ്പെട്ടു. മലപ്പുറം നാടുകാണിയിൽ വീട് ഒലിച്ചുപോയി രണ്ടു സ്ത്രീകളെ കാണാതായി. വിവിധ ജില്ലകളിലായി നൂറുകണക്കിന് വീടുകൾ പൂർണമായും ആയിരത്തോളം വീടുകൾ ഭാഗികമായും തകർന്നു.
വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കനത്ത നാശം. സംസ്ഥാനത്താകെ അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ഇടുക്കി ചിന്നക്കനാലിൽ തൊഴിലാളികളുടെ ലയത്തിനു മീതെ മണ്ണിടിഞ്ഞു വീണാണ് ഒരു വയസുകാരി മഞ്ജുശ്രീ മരിച്ചത്. ലയങ്ങൾക്കു മുകൾഭാഗത്ത് റോഡ് നിർമ്മാണത്തിനായി സംഭരിച്ചിരുന്ന ലോഡ് കണക്കിനു മണ്ണ് കനത്ത മഴയിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മറയൂരിൽ വാഗുവരൈ തോട്ടിൽ ഒഴുക്കിൽപ്പെട്ട് ജ്യോതിയമ്മ (71), വെള്ളക്കെട്ടിൽ വീണ് കണ്ണൂർ ഇരിട്ടിയിൽ കുഞ്ഞിംവീട്ടിൽ കെ. പദ്മനാഭൻ (55), വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞുവീണ് പനമരം കാക്കത്തോട് കോളനിയിൽ ബാബുവിന്റെ ഭാര്യ മുത്തു (24), വീടിനു മുകളിൽ മരം വീണ് അട്ടപ്പാടി ചൂണ്ടകുളം ഊരിലെ കാര (50), തൊടുപുഴ കാഞ്ഞാറിൽ ഷെഡ് തകർന്നു വീണ് ഒഡിഷ സ്വദേശി മധു കൃഷ്ണാനി, വയനാട് മുട്ടിൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ പഴശ്ശി കോളനിയിലെ യുവദമ്പതികളായ സുമേഷ് (24), പ്രീതു (19) എന്നിവരും മരിച്ചു.
ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുൾപൊട്ടി. ഇടുക്കിയിൽ മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. കണ്ണൂർ ഇരിട്ടി, ശ്രീകണ്ഠപുരം പട്ടണങ്ങളിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട്ട് ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കടലുണ്ടിപ്പുഴയും കരകവിഞ്ഞു.
താഴ്ന്ന മേഖലകളിലെ വീടുകളുടെ താഴത്തെ നില പൂർണമായും മുങ്ങി. തോരാതെ പെയ്യുന്ന മഴയിലും, പുഴകൾ കരകവിഞ്ഞും കുതിച്ചെത്തുന്ന വെള്ളം ഇപ്പോഴും ഉയരുകയാണ്. കൈയിലെടുക്കാവുന്ന സാധനങ്ങളുമായി ആളുകൾ ഉയർന്ന സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നു. മഴ ശക്തമായ മിക്ക ജില്ലകളിലും അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു. പമ്പാനദി കരകവിഞ്ഞ്, പത്തനംതിട്ടയിലെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലായി.
ജലവിഭവ വകുപ്പിന്റെ കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകൾ തുറന്നുവിട്ടു. വയനാട്ടിലും ഇടുക്കിയിലും മണ്ണിടിഞ്ഞും മരങ്ങൾ വീണും പലേടത്തും ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലമ്പൂരിൽ വടപുറം പാലം വെള്ളത്തിൽ മുങ്ങിയതോടെ മേഖല പൂർണമായും ഒറ്റപ്പെട്ടു.
പെരിയാർ കരകവിഞ്ഞ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കോട്ടയം- കുമളി ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു. എറണാകുളം- ആലപ്പുഴ റൂട്ടിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രളയബാധിത ജില്ലകളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി.