കോഴിക്കോട് : സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പേമാരിയിലും ഉരുൾപൊട്ടലിലും അഞ്ചുജില്ലകളിൽ ജനജീവിതം ദുരിതത്തിലായി. കണ്ണൂർ, കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകൾ വെളളപ്പൊക്ക ഭീഷണിയിലാണ്. മുക്കം, മാവൂര്‍, നിലമ്പൂര്‍, ഇരിട്ടി, മൂന്നാർ ടൗണുകൾ വെളളത്തിന് അടിയിലായി. മൂന്നാര്‍, മാങ്കുളം, മറയൂർ, നിലമ്പൂർ പ്രദേശങ്ങൾ എന്നിവിടങ്ങൾ ഒറ്റപ്പെട്ടു. കനത്തമഴയിൽ ഇതുവരെ ഒരു വയസ്സുകാരി ഉൾപ്പെടെ ആറുപേർ മരിച്ചു.
കനത്തമഴ തുടരുന്നതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി, കോട്ടയം, തൃശൂർ, കണ്ണൂർ പാലക്കാട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എം.ജി., കാലിക്കറ്റ് സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളത്തെ പി.എസ്.സി.പരീക്ഷകളും മാറ്റിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്നാണ് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴം,വെള്ളി ദിവസങ്ങളിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള തീരത്ത് ഉയർന്ന തിരമാല സാദ്ധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കനത്തമഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെതുടർന്ന് കൂടുതൽ ഡാമുകൾ തുറന്നു. കല്ലാർകുട്ടി, മലങ്കര, പാബ്ല ഭൂതത്താൻകെട്ട് ഡാമുകൾക്ക് പുറമേ പെരിങ്ങൽക്കുത്ത് , മംഗലം ഡാമുകളാണ് തുറന്നത്. കുറ്റിയാടി, പഴശി, കാരാപ്പുഴ എന്നി ഡാമുകളിൽ നിന്നും വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നതായി ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. മീനച്ചിലാറും പമ്പയും കരകവിഞ്ഞു,
ഡാമുകൾ തുറന്നുവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ തീരപ്രദേശത്തുളളവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനിടെ കനത്തമഴയിൽ സ്ഥിതിഗതികൾ വഷളായ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തും.
പകൽ മുഴുവന്‍ തിമിർത്ത് പെയ്ത മഴയിൽ നിലമ്പൂരിലും മൂന്നാറിലും വയനാട്ടിലും വെള്ളപ്പൊക്കം. ദേശീയ പാതകളടക്കം പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകൾ മണിക്കൂറുകൾ വൈകി. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇടുക്കി ജില്ലയിൽ എട്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകിയതോടെ മൂന്നാറിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്നാർ - ഉദുമൽപ്പേട്ട് അന്തർസംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. ജില്ലയിൽ ഓഗസ്റ്റ് 15 വരെ വിനോദസഞ്ചാരം വിലക്കിയിട്ടുണ്ട്.
വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ദേശീയ പാതയിൽ വെള്ളം കയറി. കബനീ നദി കരകവിഞ്ഞൊഴുകിയതിനാൽ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടർ തുറന്നു. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന മുന്നറിയിപ്പുണ്ട്. 73 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ 4976 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരതാശ്വാസ പ്രവർത്തനങ്ങൾക്കായി സൈന്യം വയനാട്ടിലെത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. നിരവിൽപ്പുഴ - കുറ്റ്യാടി റൂട്ടില്‍ പലയിടത്തും ഗതാഗത തടസമുണ്ട്.
കോഴിക്കോട് നഗരത്തില്‍ പലയിടത്തും വെള്ളം കയറി. കക്കയത്ത് ഉരുൾപൊട്ടി. പെരുവണ്ണാമുഴി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പാലക്കാട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. അട്ടപ്പാടിയില്‍ മരം വീടിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. കുന്തിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു. മംഗലം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വനമേഖലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലുമുള്ളതിനാല്‍ നദികളില്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. സൈലന്റ് വാലി, അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടി. കല്പാത്തി പുഴയുടെ മധ്യത്തിലുള്ള മുരുകന്‍ ക്ഷേത്രത്തില്‍ കുടുങ്ങിപ്പോയ അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തി.
എറണാകുളം ജില്ലയിലും കനത്ത മഴയേത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പെരിയാർ കരകവിഞ്ഞതിനെതുടർന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിൽ വെള്ളം കയറി. പെരിയാറിൻ തീരത്ത് മരത്തിൽ അഭയം തേടിയയാൾ കാൽ വഴുതി വെള്ളത്തിൽ വീണ് കാണാതായി.
തൃശൂർ ജില്ലയിലെ ചാലക്കുടി അതിരപ്പിള്ളി മേഖലയിൽ കനത്ത മഴയാണ്. പെരിങ്ങൽകുത്ത് ഡാം തുറന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടുകയും നദിയിൽ ജലനിരപ്പ് ഉയരുകയും ചെയ്തതിനാൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. മലക്കപ്പാറയിൽ ഉരുൾപൊട്ടി. അതിരപ്പിള്ളി വാൽപ്പാറ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കില്‍ കനത്ത മഴ തുടരുകയാണ്. വാഗമണിലും ആനചാരി മേക്കുന്നിലും ഉരുൾപൊട്ടി. മുണ്ടക്കയത്ത് വീടുകളിൽ വെള്ളം കയറി. ഈരാറ്റുപേട്ട - പാലാ റോഡില്‍ പലയിടത്തും വെള്ളം കയറി. പാലാ നഗരം വെള്ളപ്പൊക്കഭീഷണിയിലാണ്. ആലപ്പുഴയിൽ കനത്ത കാറ്റുവീശിയതിനേത്തുടർന്ന് വീടുകൾ തകർന്നു. അപ്പർകുട്ടനാട്ടിലെ പലയിടത്തും കനത്ത മഴ നാശനഷ്ടം വിതച്ചു.