കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർല ഹോളിഡേയ്സ് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 27 ശതമാനം വളർച്ചയോടെ 42.03 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ 32.97 കോടി രൂപയായിരുന്നു ലാഭം. വരുമാനം 106.11 കോടി രൂപയിൽ നിന്ന് 14 ശതമാനം ഉയർന്ന് 121.30 കോടി രൂപയായി.

ആദ്യപാദത്തിൽ ബംഗളൂരു പാർക്ക് സന്ദർശകരുടെ എണ്ണം ഒമ്പത് ശതമാനം വർദ്ധിച്ചു. കൊച്ചി പാർക്ക് 12 ശതമാനവും ഹൈദരാബാദ് നാല് ശതമാനവും വർദ്ധന സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തി. വണ്ടർല റിസോർട്ടിലെ 62 ശതമാനം മുറികൾ ഇക്കുറി വിറ്റഴിച്ചു. കഴിഞ്ഞവർഷം ഇത് 45 ശതമാനം ആയിരുന്നു. പാർക്കുകളിൽ നിന്നുള്ള വരുമാനത്തിന്റെ 88 ശതമാനവും സംഭാവന ചെയ്‌തത് കുടുംബസന്ദർശകരാണെന്ന് വണ്ടർല ഹോളിഡേയ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ജോർജ് ജോസഫ് പറഞ്ഞു.

നാലാമത്തെ സംരംഭം ചെന്നൈയിൽ ആരംഭിക്കാനായി കേളമ്പാക്കത്ത് 62 ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും തമിഴ്‌നാട് സർക്കാരിൽ നിന്ന് ഏതാനും അനുമതികൾ കൂടി ലഭിച്ചാൽ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.