മുംബയ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മുങ്ങി 14 പേർ മരിച്ചു. 7 പേരെ കാണാതായി. കൃഷ്ണ നദീതീരത്തെ ബ്രാഹ്മണാൽ ഗ്രാമത്തിലെ പാലുസ് താലൂക്കിലാണ് സംഭവം. 32 പേരുമായി കരയിലേക്ക് നീങ്ങിയ സ്വകാര്യ രക്ഷാദൗത്യബോട്ടാണ് അപകടത്തിൽപ്പെട്ടത്. നീന്തലറിയാവുന്നവർ മാത്രമാണ് രക്ഷപ്പെട്ടത്. കാണാതായവർക്ക് വേണ്ടി പൊലീസും ദുരന്തനിവാരണ സേനയും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ബോട്ടിൽ ആളുകളെ കുത്തിനിറച്ചിരുന്നു. ബോട്ടിന്റെ പങ്ക മരച്ചില്ലയിൽ തട്ടിയതാണ് ബോട്ട് മറിയാനിടയാക്കിയത്. ആളുകൾ പരിഭ്രാന്തരായിരുന്നത് മരണസംഖ്യ വർദ്ധിപ്പിച്ചു.
മഴ കനത്തനാശം വിതച്ച മഹാരാഷ‌്ട്രയിൽ കഴിഞ്ഞ ഏഴുദിവസത്തിനിടെ ആറുപേരാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചത്.
കോലാപുർ, സാംഗ്ലി ജില്ലകളിൽ പേമാരി കടുത്ത നാശമാണ് വിതച്ചത്. 1.3 ലക്ഷം പേരെ പശ്ചിമഹാരാഷ്ട്രയിൽ നിന്ന് മാറ്റി പാർപ്പിച്ചു.
മഴ തുടരുന്നു
മഹാരാഷ്ട്ര - കർണാടക അതിർത്തി ജില്ലകളിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണവും വെള്ളവും എത്തിക്കാൻ കൂടുതൽ വിമാനങ്ങൾ പൂനെയിൽ നിന്നു പുറപ്പെടുമെന്ന് സൈന്യം അറിയിച്ചു. നാവിക, വ്യോമ സേനകൾ രക്ഷാപ്രവർത്തനത്തിനായി ഇവിടെയുണ്ട്.
സാംഗ്ലിയിലെ വെള്ളപ്പൊക്കം നിയന്ത്രണവിധേയമാക്കാനായി കർണാടകയിലെ അൽമാട്ടി അണക്കെട്ടിൽ നിന്നു കൂടുതൽ വെള്ളം തുറന്നുവിടാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് നടപടി സ്വീകരിച്ചതായി കർണാടക അറിയിച്ചു.
വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഒട്ടേറെ മേഖലകൾ ഒറ്റപ്പെട്ടു. പൂനെയിൽ നിന്നു കോലാപുരിലേക്കും കോലാപുരിൽ നിന്നു കർണാടകയിലേക്കുമുള്ള റോഡ് അടച്ചു. ട്രെയിൻ ഗതാഗതവും താറുമാറായി. വെളളം പൊങ്ങിയതിനെത്തുടർന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാനായി കോലാപുരിൽ 85,000 വീടുകളിലേക്കുളള വൈദ്യുതി വിച്ഛേദിച്ചിരുന്നു.