കൊച്ചി: കാർവി ഗ്രൂപ്പിന്റെ വെൽത്ത് മാനേജ്‌മെന്റ് വിഭാഗമായ കാർവി പ്രൈവറ്റ് വെൽത്ത് നടപ്പുവർഷം കേരളത്തിൽ പ്രതീക്ഷിക്കുന്നത് 30-40 ശതമാനം വളർച്ച. ലക്ഷ്യം നേടാനായി കേരളത്തിൽ സാന്നിദ്ധ്യം ഉയർത്തും. നിലവിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ശാഖകൾ. 12 ജീവനക്കാരുമുണ്ട്. തൃശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലും ഈവർഷം ശാഖകൾ തുറക്കുമെന്നും ജീവനക്കാരുടെ എണ്ണം 25 ആകുമെന്നും സി.ഇ.ഒ അഭിജിത് ഭാവെ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രവാസികളും ബിസിനസുകാരും ഉൾപ്പെടെയുള്ള സമ്പന്ന-അതിസമ്പന്ന വ്യക്തികളുടെ നിക്ഷേപം മാാനേജ്‌മെന്റ് ചെയ്യുന്നതാണ് കമ്പനിയുടെ പ്രവർത്തനം. നിക്ഷേപങ്ങളിൽ കൂടുതലും ഇക്വിറ്റി, കടപ്പത്ര മേഖലകളിലാണ്. 500ഓളം ഇടപാടുകാർ കേരളത്തിലുണ്ട്. 600 കോടി രൂപയുടെ നിക്ഷേപം 2018-19ൽ കൈകാര്യം ചെയ്‌തു. 16,000ഓളം ഇടപാടുകാരാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്. കൈകാര്യം ചെയ്യുന്ന നിക്ഷേപം 24,000 കോടി രൂപ. 20-30 ശതമാനം വളർച്ചയാണ് നടപ്പുവർഷത്തെ പ്രതീക്ഷ. യു.എ.ഇയിലും മലേഷ്യയിലും അമേരിക്കയിലും കമ്പനിക്ക് ശാഖകളുണ്ട്.
അടുത്ത ദശാബ്‌ദം ഇന്ത്യക്കാർക്ക് സമ്പത്ത് വർദ്ധിപ്പിക്കാനുള്ള സുവർണ കാലമാണ്. സെൻസെക്‌സ് ഒരുലക്ഷം പോയിന്റ് പിന്നിടും. പലിശനിരക്കുകൾ ഇനിയും താഴും. അടുത്ത ത്രൈമാസത്തോടെ സമ്പദ്സ്ഥിതി മെച്ചപ്പെടും. രൂപയുടെ മൂല്യം ഡോളറിനെതിരെ 68-72 നിലവാരത്തിൽ തുടരാനാണ് സാദ്ധ്യതയെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ദിനേശ് കെ. നായർ, അസോസിയേറ്ര് വൈസ് പ്രസിഡന്റ് രാഘവേന്ദ്ര പൈ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.