ബംഗളൂരു: ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ മലയാളിയും ഹാർവാഡ്, ഓക്സ്‌ഫോർഡ് സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറുമായിരുന്ന കുളത്തൂപ്പുഴ നിഷാദ് മൻസിലിൽ ഷംനാദ് ബഷീർ (43) കർണാടകയിലെ ചിക്കമംഗളൂരുവിൽ വാഹനത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു.
ചിക്കമംഗളൂരുവിന് സമീപം കൊടുംതണുപ്പിനെ തുടർന്ന് വാഹനത്തിനുള്ളിൽ ഹീറ്റർ ഓണാക്കി വിശ്രമിക്കുകയായിരുന്ന ഷംനാദ്, ഉറങ്ങിപ്പോകുകയായിരുന്നു. ഇതിനിടെ ഹീറ്റർ അമിതമായി ചൂടായി വാഹനത്തിന് തീപിടിക്കുകയായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംനാദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടിൽ നിന്ന് ബന്ധുക്കൾ അവിടെ എത്തിയിട്ടുണ്ട്. ദരിദ്ര പശ്ചാത്തലത്തിൽനിന്നുള്ള കുട്ടികളെ നിയമപഠനത്തിന് സഹായിക്കുന്ന ഐ.ഡി.ഐ.എ എന്ന എൻ.ജി.ഒയുടെ സ്ഥാപകനും ഐ.ഡി.ഐ.എയിലെ അദ്ധ്യാപകനുമായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐ.പി കൺസൾട്ടന്റായിരുന്നു ഷംനാദ്.
കുളത്തൂപ്പുഴ എം.എം ഹൗസിൽ, അഡ്വ. എം.എം. ബഷീറിന്റെ മകനായി 1976 മേയ് 14നാണ് ജനനം. ബംഗളൂരുവിലെ നാഷണൽ ലാ സ്കൂളിൽ നിന്നാണ് നിയമപഠനത്തിൽ ബിരുദം പൂർത്തിയാക്കിയത്. ഓക്സ്‌ഫോർഡ് സർവകലാശാലയിൽനിന്ന് ഇന്റലക്ചൽ പ്രോപ്പർട്ടി റെെറ്റിൽ എൽഎൽ.എമ്മും ഡോക്ടറേറ്റുമെടുത്തു.
ന്യൂഡൽഹിയിലെ ആനന്ദ് ആൻഡ് ആനന്ദ് എന്ന ബൗദ്ധിക സ്വത്തവകാശ നിയമസംഘടനയിലായിരുന്നു ഏറെക്കാലം പ്രവർത്തിച്ചത്. പിന്നീട് കൊൽക്കത്ത നാഷണൽ ലാ സ്കൂളിലെ ഐ.പി വിഭാഗം മേധാവിയായിരുന്നു. ബൗദ്ധിക സ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മരുന്നിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഷംനാദ് നടത്തിയ കേസിന്റെ ഫലമായാണ് കാൻസർ രോഗികളുടെ മരുന്നുവിലയിൽ വൻതോതിലുള്ള കുറവുണ്ടായത്. 2014ലെ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു. 2010ലാണ് ഐ.ഡി.ഐ.എയ്ക്ക് തുടക്കമിടുന്നത്. അവിവാഹിതനായിരുന്ന ഷംനാദിന്റെ വരുമാനത്തിന്റെ സിംഹഭാഗവും സന്നദ്ധ സംഘടനയ്ക്ക് വേണ്ടിയായിരുന്നു ചെലവഴിച്ചിരുന്നത്.
പരേതയായ സീനത്ത് ബീവിയാണ് മാതാവ്. സഹോദരങ്ങൾ : നിഷ ബഷീർ (ദന്തഡോക്ടർ, ബംഗളൂരു), നിഹാദ് ബഷീർ (അഡ്വക്കേറ്റ്, തിരുവനന്തപുരം), നിഹാസ് ബഷീർ (ഗാന്ധി ആൻഡ് വാഡിയ, മുംബയ്)