കൊച്ചി: ഏറെക്കാലത്തെ ഇടിവിന് ബ്രേക്കിട്ട്, ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ മുന്നേറ്റം നടത്തി. സെൻസെക്‌സ് 636 പോയിന്റുയർന്ന് 37,327ലും നിഫ്‌റ്റി 176 പോയിന്റ് നേട്ടവുമായി 11,032ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്കുമേൽ (എഫ്.പി.ഐ) ഇക്കഴിഞ്ഞ ബഡ്‌ജറ്റിൽ ഏർപ്പെടുത്തിയ നികുതികൾ കേന്ദ്രം പിൻവലിച്ചേക്കുമെന്ന സൂചനകളാണ് ഓഹരികൾക്ക് തുണയായത്.
ജൂലായ് അഞ്ചിന് അവതരിപ്പിച്ച ബഡ്‌ജറ്രിൽ എഫ്.പി.ഐയ്ക്കുമേൽ ധനമന്ത്രി നിർമ്മല സീതാരാമൻ അധിക ആദായ നികുതി (സർചാർജ്) ഏർപ്പെടുത്തിയിരുന്നു. തുടർന്ന് അന്നുമുതൽ കഴിഞ്ഞ വ്യാപാര സെഷൻ വരെയായി 13 ലക്ഷം കോടിയോളം രൂപയുടെ നഷ്‌ടമാണ് സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായത്. സർചാർജിന് പുറമേ, 2018ലെ ബഡ‌്ജറ്രിൽ ഏർപ്പെടുത്തിയ ഓഹരികളിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിയും (എൽ.ടി.സി.ജി) കേന്ദ്രം പിൻവലിച്ചേക്കുമെന്ന സൂചനകളും ഇന്നലെ നിക്ഷേപകർക്ക് ആശ്വാസമായി.
നോട്ടിഫിക്കേഷനിലൂടെയോ ഓർഡിനൻസ് വഴിയോ നികുതി നിർദേശങ്ങൾ പിൻവലിച്ചേക്കുമെന്നാണ് സൂചന. മുന്നേറ്റത്തെ തുടർന്ന് ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിൽ 1.93 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ചതും നിക്ഷേപകരെ ആവേശത്തിലാഴ്‌ത്തി. തുടർച്ചയായ നാലാംതവണയാണ് റിസർവ് ബാങ്ക് റിപ്പോ കുറച്ചത്.
പവൻവില
₹27,400
ഇന്നലെ ₹200 കൂടി
അന്താരാഷ്‌ട്ര വിപണിയുടെ ചുവടുപിടിച്ച് സംസ്‌ഥാനത്ത് സ്വർണവില കുതിക്കുകയാണ്. ഇന്നലെ 200 രൂപ ഉയർന്ന് പവൻവില പുതിയ ഉയരമായ 27,400 രൂപയിലെത്തി. 25 രൂപ വർദ്ധിച്ച് 3,425 രൂപയാണ് ഗ്രാം വില. അന്താരാഷ്‌ട്ര വില ഇന്നലെ ഔൺസിന് ആറുവർഷത്തെ ഉയരമായ 1,500 ഡോളറിൽ എത്തിയതാണ് ആഭ്യന്തര വിലക്കുതിപ്പിനും കാരണം.