news

1. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ, സംസ്ഥാനം വീണ്ടും പ്രളയ ഭീതിയില്‍. വടക്കന്‍ ജില്ലകളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെല്ലാം ശക്തമായ മഴയും കാറ്റും തുടരുകയാണ്. നിലമ്പൂര്‍ തികച്ചും ഒറ്റപ്പെട്ടു. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ വിവിധ അപകടങ്ങളിലായി 8 പേര്‍ മരിച്ചു. ഇടുക്കിയില്‍ മാത്രം 3 മരണം. റെയില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.




2.ഡാമുകളിലും വന്‍ തോതില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്ത് 1,992 വീടുകള്‍ ഭാഗീകമായും 139 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 5,675 ഹെക്ടര്‍ കൃഷിയും നശിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടം കൂടുതല്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ആണ് മഴ അതിശക്തമായത്. കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും മണ്ണിടിച്ചിലും കടലാക്രമണവും രൂക്ഷമാണ്. പല ജില്ലകളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലാണ്.
3.ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തു വിനോദ സഞ്ചാരം നിരോധിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. മണിമലയാര്‍ , മീനച്ചലാര്‍, മൂവാറ്റുപുഴയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പുയരുന്നു. സംസ്ഥാനത്ത് ഇതുവരെ 29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,385 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടങ്ങള്‍ മാറ്റി പാര്‍പ്പിച്ചു. ഇരുവഴഞ്ഞിപുഴ, ചാലിപ്പുഴ എന്നിവ കര കവിഞ്ഞത് ഒഴുകുന്നത് കനത്ത ആശങ്ക പരത്തുന്നുണ്ട്. വയനാട് ചുരത്തില്‍ വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. മല്‍സ്യ തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ 11 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു സര്‍ക്കാര്‍. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. കേരള, എം ജി, കണ്ണൂര്‍, ആരോഗ്യ സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു, പി എസ് സി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.
4. മൂന്നാറില്‍ പലയിടത്തും വെള്ളം കയറി പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇടുക്കിയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുക ആണ്. 12 വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴമൂലം കോട്ടയം-കുമളി റോഡില്‍ ബസ് സര്‍വീസ് നിറുത്തിവച്ചു. മുണ്ടക്കയം കോസ്‌വേയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയതോടെ നെടുങ്കണ്ടം റൂട്ടിലും വാഹന ഗതാഗതം താറുമാറായി. മാങ്കുളത്ത് ഉരുളുപൊട്ടി രണ്ടു വീടുകള്‍ തകര്‍ന്നു
5.എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്താന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
6.കാല വര്‍ഷ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങനാമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പരമാവധി സഹായം എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
7. മഴ കനത്ത് പെയ്‌തെങ്കിലും മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളില്‍ വെള്ളം കുറവായത് വലിയ ആശ്വാസമായി. കക്കയം ഡാം രാത്രി തുറന്നേക്കും. മുല്ലപ്പെരിയാറില്‍ 112 അടി വെള്ളം മാത്രമാണുള്ളത്. ഇടുക്കിയില്‍ കാല്‍ ശതമാനം വെള്ളം മാത്രമേ നിലവിലുള്ളു. അതേസമയം വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. പമ്പാ നദിയിലും വന്‍ തോതില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കോട്ടയം ജില്ലകളുടെ മലയോര മേഖലകളായ കണമല, എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി എന്നിവടങ്ങളിലെല്ലാം കനത്ത മഴ ദുരിതം വിതച്ചു
8. മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തും. സൈന്യത്തിന്റെ 60 അംഗ സംഘമാണ് എത്തുക എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് പലേടത്തും ഉയരുന്നതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടത് ഉണ്ട് എന്നും ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്
9. മഴ ശക്തമായതോടെ കരിപ്പൂര്‍ വിമാന താവളത്തില്‍ ഇറങ്ങേണ്ടി ഇരുന്ന മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഇത്തിഹാദ് വിമാനത്തിന്റെ കരിപ്പൂര്‍- അബുദാബി സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഈ വിമാനം ഇനി നാളെ പുലര്‍ച്ചെ ആവും അബുദാബിയിലേക്ക് തിരിക്കുക. ട്രെയിന്‍ ഗതാഗതവും താറുമാറായി. ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം- അമൃത്സര്‍ എക്സ്പ്രസ്, കൊച്ചുവേളി- മുംബയ് എക്സ്പ്രസ് എന്നിവ വൈകുന്നു. മുംബയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും ചെയ്തു
10. നെടുങ്കണ്ടം കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ രാജ് കുമാറിന്റെ മരണ കാരണം ന്യുമോണിയ അല്ലെന്ന് റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ ശരീരത്തില്‍ 22 പുതിയ ക്ഷതങ്ങള്‍ കണ്ടെത്തി. കാലിനും തുടയിലും ആയാണ് പുതിയ മുറിവുകള്‍ കണ്ടെത്തിയത്. തുടയില്‍ നാല് സെന്റീമീറ്റര്‍ ആഴത്തില്‍ ചതവും മുതുകില്‍ 20 സെന്റീമീറ്ററില്‍ പരിക്കും കണ്ടെത്തി. കാലുകള്‍ വലിച്ചകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞിട്ടുണ്ട്. വൃക്ക അടക്കം ആന്തരീക അവയവങ്ങള്‍ക്ക് ക്ഷതമേറ്റു. ആദ്യ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ് ഉള്ളതായി തെളിഞ്ഞു