sree

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച ശേഷം, ദേഹപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ജനറൽ ആശുപത്രിയിലെ ഡോക്ടർ രാകേഷ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകി. ഇക്കാര്യം രേഖപ്പെടുത്തിയ റിപ്പോർട്ടും അദ്ദേഹം പൊലീസിന് കൈമാറി.

ക്രൈംനമ്പർ ഇടാതെയാണ് മ്യൂസിയം പൊലീസ് ശ്രീറാമിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനാൽ രക്തപരിശോധന നടത്തണമെന്ന് ഡോക്ടർക്ക് നിർബന്ധിക്കാനായില്ല. ദേഹപരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്. കൈയ്‌ക്ക് മുറിവേറ്റതിനാൽ രക്തസാമ്പിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചതായും ഡോക്ടറുടെ മൊഴിയിലുണ്ട്.

രക്തപരിശോധന നടത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മ്യൂസിയം സി.ഐ ജെ.സുനിൽ, ഇപ്പോൾ സസ്പെൻഷനിലുള്ള എസ്.ഐ ജയപ്രകാശ് എന്നിവരെയും നാർകോട്ടിക് അസി.കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ബഷീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയും , പരിക്കേറ്റ ശ്രീറാമിന് ചികിത്സ നൽകുകയും ചെയ്യേണ്ടി വന്നതിനാലാണ് നടപടിക്രമങ്ങൾ വൈകിയതെന്ന് എസ്.ഐ മൊഴിനൽകി. കാറോടിച്ചതാരാണെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നതിനാലാണ് എഫ്.ഐ.ആറിൽ അക്കാര്യം ഉൾപ്പെടുത്താതിരുന്നതെന്നും എസ്.ഐയുടെ മൊഴിയിലുണ്ട്. എന്നാൽ, രാത്രി നടന്ന അപകടത്തിന്റെ വിവരം പിറ്റേന്ന് രാവിലെ വരെ താൻ അറിഞ്ഞില്ലെന്നാണ് സി.ഐയുടെ മൊഴി.ഇരുവർക്കും വീഴ്ചയുണ്ടായതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

ശ്രീറാമിനെയും വഫയെയും

ചോദ്യംചെയ്യും

ശ്രീറാമിനെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തി ഇന്നോ നാളെയോ അന്വേഷണ സംഘം ചോദ്യംചെയ്യും. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ടും സ്വകാര്യ ആശുപത്രിയിലേക്ക് പോകാനുള്ള സാഹചര്യവും ആരോഗ്യ വിവരങ്ങളും സ്വീകരിച്ച ചികിത്സയെക്കുറിച്ചുമെല്ലാം ചോദിച്ചറിയും.

കാറിലുണ്ടായിരുന്ന വഫയെയും ചോദ്യം ചെയ്യും. ശ്രീറാം കാറിൽ കയറിയതു മുതലുള്ള സംഭവങ്ങൾ വിശദമായി രേഖപ്പെടുത്തും. ശ്രീറാമുമായുള്ള ബന്ധത്തെക്കുറിച്ചും കാറോടിച്ചത് താനാണെന്ന് ആദ്യം പറയാനിടയായ സാഹചര്യത്തെക്കുറിച്ചും ചോദിച്ചറിയും.

ഗുരുദിന്റെ

മൊഴിയെടുക്കും

സംഭവത്തിൽ സിറ്റി അഡിഷണൽ കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിന്റെ മൊഴി ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തും.

ശനിയാഴ്ച രാലിലെ തന്നെ രക്തമെടുത്തെന്നായിരുന്നു, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡി.ജി.പി ലോക് നാഥ് ബെഹ്റ വിളിച്ചപ്പോൾ ഗുരുദിന്റെ മറുപടി. ഗുരുദിന് കാര്യങ്ങൾ വിശദീകരിക്കാനുള്ള അവസരം നൽകുമെന്നും പിഴവുണ്ടായെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ഡി.ജി.പി ബെഹ്റ കേരളകൗമുദിയോട് പറഞ്ഞു.