sriram-

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ അപകട സമയത്ത് മദ്യപിച്ചിരുന്നതായി ആദ്യം പരിശോധിച്ച ഡോക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസിലെ നിർണായക മൊഴിയാണ് ആദ്യം പരിശോധിച്ച തിരുവന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ നൽകിയത്. മദ്യത്തിന്റെ മണമുണ്ട് എന്ന് കേസ് ഷീറ്റിൽ രേഖപ്പെടുത്തിയ ഡോക്ടർ പുതിയ അന്വേഷണ സംഘത്തിന് മുമ്പിലും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയിൽ ഉറച്ചു നിന്നു. ഈ മൊഴി നാളെ ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ അടക്കം പ്രധാനമാണ്.

അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന ശ്രീറാം വെങ്കിട്ടരാമന് 'റെട്രോഗേഡ് അംനീഷ്യ' എന്ന മറവിരോഗമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂർണമായും ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയെയാണ് 'റെട്രോഗേഡ് അംനീഷ്യ' എന്ന് ഡോക്ടർമാർ വിളിക്കുന്നത്.

ഒരു ആഘാതം സംഭവിച്ച് കഴിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്നും ഡോക്ടർമാർ പറയുന്നു. ചിലപ്പോൾ സംഭവം എന്നെന്നേക്കുമായി ശ്രീറാം മറന്നു പോകാൻ ഇടയുണ്ടെന്നും അല്ലെങ്കിൽ, ആഘാതത്തിൽ നിന്നും മുക്തനാകുമ്പോൾ ഈ ഓർമകൾ ശ്രീറാമിന് തിരികെ ലഭിക്കുമെന്നും ഡോക്ടർമാർ പറയുന്നു.

ശ്രീറാമിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്രീറാമിന് തലകറക്കവും തലവേദനയും അനുഭവപ്പെട്ടിരുന്നു എന്നും ഡോക്ടർമാർ പറയുന്നുണ്ട്. ഇയാളുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട് എന്നും വിവരമുണ്ട്. റീമാൻഡിലായിരിക്കെ സർജിക്കൽ ഐ.സി.യുവില പ്രവേശിപ്പിച്ചിരുന്ന ശ്രീറാമിനെ പിന്നീട് ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ട്രോമ ഐ.സി.യുവിൽ നിന്ന് ഇപ്പോൾ ന്യൂറോ സർജറി നിരീക്ഷണ വാർഡിലേക്ക് ശ്രീറാമിനെ മാറ്റിയിട്ടുണ്ട്.

അതേസമയം ശ്രീറാമിൽ കാണുന്ന 'റെട്രോഗേഡ് അംനീഷ്യ' അമിതമായി മദ്യപിക്കുന്നവരിൽ കാണപ്പെടുന്ന രോഗമാണെന്ന് ക്രിമിനോളജിസ്റ്റായ ജെയിംസ് വടക്കുംചേരി ചൂടിക്കാട്ടി. ശ്രീറാമിന്റെ ഈ രോഗം കേസിനെ ബാധിക്കില്ലെന്നും വടക്കുംചേരി പറഞ്ഞു.