
കൽപ്പറ്റ: വയനാട് അതിർത്തിയോടടുത്ത് മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുൾപൊട്ടലിൽ 40 ഓളം പേർ മണ്ണിനടിയിൽപ്പെട്ടതായി സംശയം. ശക്തമായ മണ്ണിടിച്ചലിൽ എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും വെള്ളത്തിനടിയിലായെന്ന് നാട്ടുകാർ പറയുന്നു. വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയിൽ ഉരുൾപൊട്ടൽ സംഭവിക്കുന്നത്.
ദുരന്തസമയത്ത് എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. തകർന്ന കെട്ടിടത്തിനുള്ളിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. രക്ഷാപ്രവർത്തനത്തിന് അടിയന്തര സഹായമെത്തിക്കുമെന്ന് റവന്യുമന്ത്രി പറഞ്ഞു. മഴദുരിതത്തിൽ രക്ഷാപ്രവർത്തനത്തിന് സംസ്ഥാനം സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
വൈത്തിരി താലൂക്കിലെ പുത്തുമലയിൽ വലിയ ഉരുൽപൊട്ടൽ സംഭവിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ പുറത്ത് വന്നിരുന്നു. വലിയ പള്ളിയുൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും കാണുന്നുണ്ട്.