dubai-police-

ദുബായ്: ദുബായ് പൊലീസ് ചെയ്യുന്നതുപോലെ കേരളത്തിലെ പൊലീസും ചെയ്താൽ റോഡിലെ നിയമലംഘകരെ ഒരു പരിധിവരെ കുറയ്ക്കാനാകും. നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക് സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് പൊലീസ്. അമിതവേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിംഗിനും കനത്തപിഴ ചുമത്തുമ്പോൾ തന്നെയാണ് മാന്യമായി വാഹനം ഓടിക്കുന്നവരെയും പ്രോത്‌സാഹിപ്പിക്കുന്ന ദുബായ് പൊലീസിന്റഎ നടപടി.

ദുബായി സ്വദേശിയായ സൈഫ് അൽ സുവൈദിക്കാണ് സുരക്ഷിതമായി വാഹനം ഓടിച്ചതിന് ദുബായ് പൊലീസ് സംഘം പുതിയ കാർ സമ്മാനിച്ചത്. അപ്രതീക്ഷിതമായി ദുബായ് പൊലീസ് വീട്ടിലെത്തിയപ്പോൾ കുടുംബാംഗങ്ങൾ ആദ്യം സംശയിച്ചെങ്കിലും വിവരമറിഞ്ഞപ്പോൾ അമ്പരപ്പ് ആഹ്ലാദത്തിന് വഴിമാറി. പൊലീസ് ഉപമേധാവി മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് കാറുമായി എത്തിയത്. സൈഫ് മറ്റൊരു യാത്രയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാൽ പിതാവ് സമ്മാനം ഏറ്റുവാങ്ങി.

ഒരുമാസം മുഴുവൻ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാൽ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വർഷത്തില്‍ ആകെ 12 പോയിന്റുകൾ വരെ സ്വന്തമാക്കാനാവും. അഞ്ച് വർഷം ഒരു നിയമലംഘനവും നടത്താതെ വൈറ്റ് പോയിന്റുകളെല്ലാം സ്വന്തമാക്കിയവരുടെ പേരുകൾ നറുക്കിട്ടെടുത്താണ് അതിൽ രണ്ടുപേർക്ക് കാറുകള്‍ സമ്മാനമായി നല്‍കുന്നത്.

അൽ സവാദി ഒരിക്കൽ പോലും നിയമലംഘനം നടത്തിയിട്ടില്ലെന്ന് ചീഫ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫിയൻ പറഞ്ഞു. നിയമം കൃത്യമായി പാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതിനായി സമ്മാനങ്ങൾ ഉൾപ്പെടെയുള്ളവ തയാറാക്കിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദുബായ് പൊലീസിന് നന്ദി പറഞ്ഞ സൈഫിന്റെ പിതാവ്, രാജ്യത്തെ മറ്റ് യുവജനങ്ങളും സൂക്ഷിച്ച് വാഹനം ഓടിക്കണമെന്ന് അഭ്യർത്ഥിച്ചു.