കൊച്ചി: കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു, മുൻകരുതൽ നടപടിയുടെ ഭാഗമായി രാവിലെ ഒമ്പതുവരെയാണ് വിമാനത്താവളം അടച്ചത്. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇത്. ഇവിടെ നിന്നും വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമമാണ് നടക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. റൺവേ നാളെ രാവിലെ 6 ന് വീണ്ടും പരിശോധിക്കും. ആദ്യം രാത്രി 12 മണി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീടാണ് രാവിലെ ഒമ്പത് വരെയാക്കിയത്. അതിുവരെ നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടും.
കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. വിമാന സർവീസുകൾ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.
അതേ സമയം കൊച്ചി വിമാനത്താവളം താല്ക്കാലികമായി അടച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് മറ്റ് വിമാനത്താവളങ്ങളിലേക്ക് എത്തിച്ചേരുന്നതിനും മറ്റുമായി കെ.എസ്.ആർ.ടി.സി. സ്‌പെഷ്യൽ സർവീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കനത്ത മഴയെത്തുടർന്നുള്ള സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതല യോഗം വിളിച്ചു.