തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതി നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് ജനങ്ങൾ മാറിത്താമസിക്കണം. ഇതുവരെ 13,000 പേർ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാമ്പുകളിലേക്ക് മാറുന്നതിൽ വിമുഖത കാണിക്കരുത്. ജനങ്ങളുടെ ജീവനാണ് വലുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു, രാത്രി 12 മണി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ്. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടും. വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്.