jaisal

തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തിനെ ദുരിതത്തിലാഴ്‌ത്തിയ പ്രളയത്തിൽ രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികളായിരുന്നു. സ്വന്തം ജീവൻ പണയംവച്ച് പതിനായിരക്കണത്തിന് ആളുകളെയാണ് അന്ന് കേരളത്തിന്റെ സെെന്യം രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജയ്സൽ എന്ന യുവാവിനെ ആർക്കും മറക്കാൻ പറ്റില്ല. രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി പ്രളയബാധിതരെ രക്ഷിക്കുന്ന ജയ്സലിന്റെ വീഡിയോ രാജ്യം മൊത്തം കെെയ്യടിയോടെയാണ് സ്വീകരിച്ചത്.

ഇത്തവണ സംസ്ഥാനം പേമാരിയിൽ കഷ്ടപ്പെടുമ്പോൾ രക്ഷാപ്രവർത്തനത്തിനായി ജയ്സൽ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. നിലമ്പൂർ എം.എൽ.എ പി.വി അൻവറാണ് ഇക്കാര്യം അറിയിച്ചത്. ജയ്സലും കോർമ്മൻ കടപ്പുറത്തെ 25 മത്സ്യത്തൊഴിലാളികളും നിലമ്പൂരിലേക്ക്‌ തിരിച്ചിട്ടുണ്ടെന്നും പി.വി അൻവർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നിലമ്പൂരിന്റെ കണ്ണീരൊപ്പാൻ കടലിന്റെ മക്കൾ പുറപ്പെട്ട്‌ കഴിഞ്ഞു >>>>

ആരും പരിഭ്രാന്തരാകേണ്ടതില്ല.ഒറ്റക്കെട്ടായി ഈ ദുരിതത്തെ നമ്മൾ നേരിടും.നമ്മുടെ അഭ്യർത്ഥനപ്രകാരം,നിലമ്പൂരിലെ ജനങ്ങൾക്ക്‌ വേണ്ടി ഏറ്റവും പ്രിയപ്പെട്ടവനായ കെ.പി.ജയ്‌സൽ താനൂരിന്റെ നേതൃത്വത്തിൽ, കോർമ്മൻ കടപ്പുറത്തെ 25 സഹോദരന്മാർ നിലമ്പൂരിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.ബോട്ടും മറ്റ്‌ ഉപകരണങ്ങളുമായാണു അവർ രക്ഷാദൗത്യത്തിനായി എത്തുന്നത്‌.ഈ മലയോര നാടും,ഞാനും എന്നും നിങ്ങളോട്‌ കടപ്പെട്ടിരിക്കും താനൂരിലെ സഹോദരങ്ങളേ..
നമ്മൾ അതിജീവിക്കും..