കൊച്ചി ∙ ബംഗാൾ ഉൾക്കടലിലും ശാന്തമുദ്രത്തിലും രൂപംകൊണ്ട ന്യൂനമർദ്ദവും ചുഴലിയും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ടു ന്യൂനമർദവും ചേർന്നതാണ് കേരളത്തെ കാലാവസ്ഥയെ പൊടുന്നനെ ബാധിച്ചത്. നിലവിലെ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്. കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ സൂചനകൾ അനുസരിച്ച് മുൻകരുതൽ നടപടി ആരംഭിച്ചെങ്കിലും മഴയും കാറ്റും പ്രതീക്ഷിച്ചതിലും ശക്തമായതോടെ കാര്യങ്ങൾ കുഴഞ്ഞു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു പിന്നാലെയുണ്ടായ ശാന്തസമുദ്രത്തിലെ രണ്ട് ചുഴലികളാണ് കാറ്റിന്റെയും മഴയുടെയും തീവ്രത ഇരട്ടിയാക്കിയതെന്നാണ് നിഗമനം. മധ്യകേരളം മുതൽ വടക്കോട്ടാണ് ഇടിയോടുകൂടിയ കനത്തമഴയും കാറ്റും അനുഭവപ്പെടുന്നതെന്ന് കൊച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞർ പറഞ്ഞു.
ചിലയിടങ്ങളിൽ മിന്നൽ ചുഴലിക്കു സമാനരീതിയിലാണ് കാറ്റും മഴയും. ഊട്ടി, നീലഗിരി വനമേഖല കേന്ദ്രീകരിച്ച് അഞ്ചു ദിവസമായി കനത്തമഴയാണ്. അതോടെ അട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴ കരകവിഞ്ഞ് മേഖലയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. പിന്നീട് നിലമ്പൂരിലും വയനാട്ടിലും ഇതിന്റെ ആഘാതമുണ്ടായി. കാലവർഷകാറ്റിന്റെ ഗതിമാറ്റമാണ് വടക്കുകേന്ദ്രീകരിച്ചുള്ള മഴയുടെ പിന്നിലെന്നാണു നിഗമനം. അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയുമെന്നാണ് നിരീക്ഷണം.