കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിലെ രക്ഷാപ്രവർത്തനം നിറുത്തിവച്ചു. തുടർച്ചയായി മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നിറുത്തിവച്ചത്.
നേരത്തെ രക്ഷാപ്രവർത്തനം നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പത്തുപേരെ രക്ഷപ്പെടുത്തിയിരുന്നു. നിലവിൽ അഞ്ച് കിലോമീറ്റർ നടന്നു മാത്രമേ പ്രദേശത്ത് എത്താൻ കഴിയുള്ളു എന്ന അവസ്ഥയാണ്. രക്ഷാ പ്രവർത്തകർ ഈ ദൂരം കാൽനടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്. സൈന്യത്തിന്റെ ആദ്യ സംഘം ഈ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സൈന്യവും നടന്നാണ് ഈ പ്രദേശത്തേക്ക് എത്തുന്നത്. ഇവിടെ എത്ര ആളുകൾകുടുങ്ങിയിട്ടുണ്ട് എന്നകാര്യം വ്യക്തമല്ല.
മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ചീഫ് സെക്രട്ടറി, കര - വ്യോമസേനാ ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർപങ്കെടുത്തു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനം നടത്താൻ മുഖ്യമന്ത്രി നിർദേശം നല്‍കി.