കുചേലവൃത്തമാണ് ഏറ്റവും ശ്രേഷ്ഠമായ വഞ്ചിപ്പാട്ട്. മലയാളത്തിൽ നിരവധി വഞ്ചിപ്പാട്ടുകളുണ്ടായെങ്കിലും ഏറ്റവും പ്രസിദ്ധം കുചേല വൃത്തം വഞ്ചിപ്പാട്ടുതന്നെ. രാമപുരത്ത് വാര്യർഈ ഒരൊറ്റ കൃതികൊണ്ട് തന്നെ ജനകീയകവിയായി. വൈക്കത്തപ്പന്റെ കൃപാകടാക്ഷംകൊണ്ടാണ് ഈ കൃതി രാമപുരത്ത് വാര്യർ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
മലയാളത്തിൽ മാത്രമേ ഈ കാവ്യശാഖയുള്ളൂ. ഇന്ത്യയിലെ മറ്റൊരുഭാഷയിലും ഇത്തരത്തിലൊരു പ്രസ്ഥാനമില്ല. മലയാളത്തിന് ഇക്കാര്യത്തിൽ അഭിമാനം. വഞ്ചിപ്പാട്ടിനുപുറമേ വച്ചു പാട്ടും സ്തോത്രഗീതവും പണ്ട് തുഴച്ചിൽ കാർ പാടുമായിരുന്നു. ചിലേടത്ത് കുത്തുപാട്ടും പാടിയിരുന്നു. വാലടിശേരി ശങ്കരനാരായണൻ ആശാരി, ചമ്പക്കുളം പുത്തൻപുരയിൽ ജോസഫ് ഷെവലിയാർ ഐ.സി. ചാക്കോ എന്നിവരും വഞ്ചിപ്പാട്ടുരചിച്ചിട്ടുണ്ട്. നാടോടിശൈലിയും നാടൻ കഥകളുമാണ് വഞ്ചിപ്പാട്ടിന്റെ സവിശേഷതകൾ. ലക്ഷ്മണോപദേശം, പാർത്ഥസാരഥി വർണന, സന്താനഗോപാലം, ബാണയുദ്ധം എന്നിവയും മലയാളത്തിലെ പ്രധാന വഞ്ചിപ്പാട്ടുകളാണ്.
ചിറയിൻകീഴ് ഗോവിന്ദപ്പിള്ള, നെടുംപ്രയാർ ഗോപാലപിള്ള വൈദ്യൻ എന്നിവരും വഞ്ചിപ്പാട്ടുകളെഴുതിയിട്ടുണ്ട്. ഇപ്പോൾ പ്രചാരത്തിലുള്ള വഞ്ചിപ്പാട്ടുകളിൽ വാമൊഴിയായി പകർന്നുകിട്ടിയവയുമുണ്ട്.
പ്രധാന ജലോത്സവങ്ങൾ
പണ്ടത്തെ വള്ളം കളികൾ കാലംമാറിയപ്പോൾ ജലോത്സവങ്ങളായി. ഓരോ നാടിന്റെയും ജനങ്ങളുടെയും സാംസ്കാരികോത്സവങ്ങൾ കൂടിയാണ് ജലോത്സവങ്ങൾ.
പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി, പമ്പയാറ്റിൽ നടക്കുന്ന ആറന്മുള ഉത്രട്ടാതി, പമ്പയാറ്റിൽ നടക്കുന്ന ചമ്പക്കുളം, പായിപ്പാട്ട്എന്നിവയാണ് പ്രധാനവള്ളംകളി മത്സരങ്ങൾ.
തെക്കുംകൂറും വടക്കുംകൂറും
കുചേലവൃത്തം വഞ്ചിപ്പാട്ടുമായി തെക്കുംകൂർ, വടക്കുംകൂർ എന്നീ നാട്ടുരാജ്യങ്ങൾക്കും ബന്ധമുണ്ട്. ഈ രണ്ട് ചെറുരാജ്യങ്ങളും പിടിച്ചടക്കി മാർത്താണ്ഡവർമ്മ വേണാട് പുനഃസ്ഥാപിച്ചു. ശിവഭക്തനായ അദ്ദേഹം വൈക്കം ക്ഷേത്രത്തിൽ ഇടയ്ക്കിടെ ദർശനം നടത്തും. ഈ വിവരം മുൻകൂട്ടിയറിഞ്ഞാണ് തന്റെ കുചേലവൃത്തം കഥയുമായി വാര്യർ സമീച്ചത്.
രാമപുരത്തു വാര്യർ
പതിനെട്ടാം നൂറ്റാണ്ടിലാണ് രാമപുരത്തു വാര്യർ ജീവിച്ചിരുന്നത്. സ്വദേശം കോട്ടയം മീനച്ചിൽ ദേശത്ത് രാമപുരം. അവിടെ പുരാതനമായ ഒരു ശ്രീരാമക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ കഴകക്കാരനായിരുന്നു രാമപുരത്തുവാര്യർ. കുട്ടിക്കാലത്തുതന്നെ കവിതയിൽ കമ്പമുണ്ടായിരുന്നു. ക്ഷേത്രത്തിലേക്കുവേണ്ടി പൂക്കളൊരുക്കുകയും മാല കെട്ടുകയും ചെയ്യുന്നതിനിടെ ചില്ലറ ശ്ളോകങ്ങളും രചിക്കുമായിരുന്നു.
വീടിനോട് ചേർന്നുതന്നെ ഒരു പാഠശാലയും വാര്യർ നടത്തിയിരുന്നു. കഴകം പണിയും കാവ്യരചനയും കൊണ്ടൊന്നും ജീവിത പ്രാരാബ്ധങ്ങൾ തീരില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതുകൊണ്ടുതന്നെ ഭദ്രമായ ഒരു വഴി അന്വേഷിക്കുന്നതിനിടയിലാണ് മാർത്താണ്ഡവർമ്മയെ മുഖം കാട്ടണമെന്ന് തോന്നിയത്.
മാർത്താണ്ഡവർമ്മയും രാമപുരത്തുവാര്യരും
ഒരിക്കൽ മാർത്താണ്ഡവർമ്മ മഹാരാജാവ് വൈക്കത്തപ്പനെ ദർശിക്കാനെത്തി. രാമപുരത്തു വാര്യരും ക്ഷേത്ര സന്നിധിയിലെത്തി. ഭഗവാനെ ദർശിക്കണം. മഹാരാജാവിനെ മുഖം കാട്ടണം. ഈ രണ്ട് ആഗ്രഹങ്ങളും വാര്യർക്കുണ്ടായിരുന്നു.
താനെഴുതിയ കുറേ ശ്ളോകങ്ങൾ രാജാവിനെ കാണിക്കുകയും കഴിയുമെങ്കിൽ ചൊല്ലികേൾപ്പിക്കുകയും വേണം. വാര്യരുടെ ആഗ്രഹം വിഫലമായില്ല. തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ തന്റെ വഞ്ചിയിൽ കൂടെ കയറാൻ രാജാവ് വാര്യരോട് കല്പിച്ചു. വാര്യർക്ക് ആദ്യം വിശ്വസിക്കാനായില്ല. തിരുവഞ്ചിയിൽ കയറാൻ അവസരം ലഭിച്ച വാര്യർ താനെഴുതിയ ചില ശ്ളോകങ്ങൾ രാജാവിനെ ചൊല്ലിക്കേൾപ്പിച്ചു. മാർത്താണ്ഡവർമ്മ സന്തോഷവാനായി. വഞ്ചി തുഴയുന്നവർക്ക് ഉത്സാഹവും ആഹ്ളാദവും. തുഴക്കാർ തുഴയുന്ന താളത്തിനൊത്താണത്രേ ശ്ളോകങ്ങൾ വാര്യർ ചൊല്ലി കേൾപ്പിച്ചത്. അതാണ് കുചേല വൃത്തം വഞ്ചിപ്പാട്ടായി മാറിയത്.
വാര്യരുടെ കാവ്യകൗശലം
ഭാഗവതം ദശമസ്കന്ദത്തിലെ കുചേലോപാഖ്യാനമാണ് വാര്യർ കുചേലവൃത്തം വഞ്ചിപ്പാട്ടാക്കിയത്. കുചേലനും ശ്രീകൃഷ്ണനുമാണ് മുഖ്യകഥാപാത്രങ്ങൾ. ഗുരുകുലത്തിലും ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഗുരുവിന്റെ വസതിയിൽ കഴിച്ചുകൂട്ടിയ നാളുകൾ അവരുടെ ജീവിതത്തിലെ സുവർണകാലമായിരുന്നു. ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കി രണ്ടുവഴിക്ക് പിരിഞ്ഞിട്ടും അവർ ഇടയ്ക്കിടെ സൗഹൃദ നിമിഷങ്ങൾ അയവിറക്കുമായിരുന്നു. കുചേലൻ പട്ടിണിയും പരിവട്ടവും ജീവിത പ്രാരാബ്ധങ്ങളുമായി കഴിച്ചുകൂട്ടുമ്പോൾ ശ്രീകൃഷ്ണൻ രാജാവായി വാഴുന്നു. സതീർത്ഥ്യനെ ചെന്നുകണ്ട് ദുരവസ്ഥ പറയാൻ കുചേല പത്നി ഇടയ്ക്കിടെ പറഞ്ഞെങ്കിലും അതു ചെവിക്കൊണ്ടില്ല. ഒടുവിൽ ഭാര്യ നൽകുന്ന കല്ലും നെല്ലും നിറഞ്ഞ അവിൽപ്പൊതിയുമായി ബാല്യകാല സുഹൃത്തിനെ കാണാൻ പുറപ്പെട്ടു. ഏഴാംനില മാളികമുകളിലിരിക്കുന്ന ശ്രീകൃഷ്ണൻ ദൂരെവച്ചുതന്നെ തന്റെ പ്രിയ സുഹൃത്തിനെ തിരിച്ചറിഞ്ഞു. അത് രാമപുരത്ത് എഴുതിയപ്പോൾ മലയാളത്തിനൊരിക്കലും മറക്കാനാകാത്ത കാവ്യമുഹൂർത്തമായി.
'എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞുധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ
സുഹൃത്തിന്റെ മുഷിഞ്ഞ സഞ്ചിയിലുണ്ടായിരുന്ന അവിൽ കഴിച്ച ശ്രീകൃഷ്ണൻ കുചേലനെ എല്ലാരീതിയിലും അനുഗ്രഹിച്ചു. ആവോളം സൗഭാഗ്യം കുചേലന് കൈവരികയും ചെയ്തു. താനൊരു കുചേലനാണെന്ന ഭാവത്തിലും സ്വരത്തിലുമാണ് രാമപുരത്ത് വാര്യർ തന്റെ വഞ്ചിപ്പാട്ടു ചൊല്ലിയത്. കവിതയുടെ നിഗൂഢാർത്ഥം ഗ്രഹിച്ച മാർത്താണ്ഡവർമ്മ രാമപുരത്തുവാര്യരെ അനുഗ്രഹിച്ചുവെന്നാണ് ഐതിഹ്യം.
നതോന്നതയുടെ താളം
വഞ്ചിപ്പാട്ടുകളുടെയെല്ലാം വൃത്തം പൊതുവേ നതോന്നതയാണ്. പണ്ടുകാലത്ത് വള്ളംകളിയിൽ വഞ്ചിപ്പാട്ടുകൾക്ക് പ്രമുഖ സ്ഥാനമുണ്ടായിരുന്നു. സംഘം ചേർന്നുള്ള പാട്ടും വായ്ക്കുരവയും വായ്ത്താരിയുമെല്ലാം കേൾവിക്കാരിലും വള്ളം തുഴയുന്നവരിലും ആവേശം പകർന്നിരുന്നു. അതുകൊണ്ടുതന്നെ വഞ്ചിപ്പാട്ടുകൾക്ക് സാഹിത്യഗുണവും സംഗീത ഗുണവും അനിവാര്യമാണ്. ഇതുരണ്ടും കുചേലവൃത്തം വഞ്ചിപ്പാട്ടിനുണ്ടായിരുന്നു.
നതോന്നതയുടെ താളം ജലതരംഗത്തെപ്പോലെ താഴ്ന്നും ഉയർന്നുമുള്ളതാണ്. നതോന്നതയുടെ ഈ സവിശേഷതകൊണ്ടാണ് വഞ്ചിപ്പാട്ടുകൾ ഈ വൃത്തത്തിൽ രചിക്കപ്പെട്ടത്. ശങ്കരാഭരണമാണ് നതോന്നതയോട് ഏറ്റവും ചേർന്നുനിൽക്കുന്നത്.
വഞ്ചിപ്പാട്ടിന്റെ ഭേദങ്ങൾ
വള്ളംകളിക്ക് പാടുന്ന വഞ്ചിപ്പാട്ടാണ് ആറ്റുവഞ്ചി. കരയിൽ പാടുന്നതാണ് കരവഞ്ചി. വഞ്ചിപ്പാട്ട് എവിടെ അവതരിപ്പിച്ചാലും അതിന് വാദ്യമേളങ്ങളുടെ അകമ്പടിയില്ല. കളിവള്ളത്തിന്റെ വെടിത്തടിയിൽ ഉരുളൻ തടി ഇടിച്ചുണ്ടാക്കുന്നതാണ് പശ്ചാത്തല താളം. ഒരാൾ പാടും മറ്റുള്ളവർ ഏറ്റുപാടും അതാണ് രീതി.
വഞ്ചിതുഴയുമ്പോൾ തുഴച്ചിൽ കാർ വഞ്ചിപ്പാട്ടുപാടും. തുഴച്ചിൽ തീരുമ്പോൾ അവർ പാടാറുള്ളതാണ് വച്ചുപാട്ട്. ഇതിന് തിരുവാതിരക്കളിയിലെ താലോലം പാട്ടും കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളും പാടാറുണ്ട്. വഞ്ചിപ്പാട്ടിലെ ഏതെങ്കിലും ഒരു സന്ദർഭമെടുത്തു എതിരാളിയെ വിമർശിക്കുന്നതിനെ കുത്തുപാട്ട് എന്ന് പറയും. വഞ്ചിപ്പാട്ടിന്റെ മറ്റൊരു ഭേദമാണ് സ്തോത്രഗീതം. ദേവ സ്തുതികളാണിവ. വച്ചുപാട്ട്, കുത്തുപാട്ട്, സ്തോത്ര ഗീതം എന്നിവയും വഞ്ചിപ്പാട്ടിന്റെ വകഭേദങ്ങളാണെന്ന് പറയാം.