ഇന്ത്യയും വിൻഡീസും തമ്മിലുള്ള ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചു
പ്രൊവിഡൻസ് : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിന മത്സരം മഴയുടെ കളിയിൽ പൊലിഞ്ഞു.13 ഒാവറുകൾ മാത്രം എറിയാനായ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ഇന്നലെ ഇന്ത്യൻ സമയം രാത്രി ഏഴിനായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്.എന്നാൽ എട്ടര മണിയോടെയാണ് ടോസിടാനായത്. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബൗളിംഗിന് ക്ഷണിച്ചു. മഴ കാരണം മത്സരം 43 ഒാവറായി വെട്ടിച്ചുരുക്കിയിരുന്നുഒൻപത് മണിയായപ്പോഴാണ് ആദ്യ പന്തെറിയാനായത്. .
പക്ഷേ കളി 5.4 ഒാവറിലെത്തിയപ്പോഴേക്കും മഴ വീണ്ടുമെത്തി കളി തടസപ്പെടുത്തി. വിൻഡീസ് വിക്കറ്റ് നഷ്ടം കൂടാതെ ഒൻപത് റൺസിലെത്തിയപ്പോഴാണ് മഴയെത്തിയത്. തുടർന്ന് കുറച്ചുസമയത്തിന് ശേഷം കളി പുനരാംരഭിച്ചപ്പോൾ ഒാവറുകൾ 34 ആയി വീണ്ടും വെട്ടിച്ചുരുക്കി. തുടർന്ന് വിൻഡീസ് വീശിയടിക്കാൻ തുടങ്ങി. ആദ്യ പത്തോവറിൽ അവർ 42 റൺസിലെത്തി. 11-ാം ഒാവറിന്റെ ആദ്യ പന്തിൽ ഗെയ്ൽ പുറത്തായി. 13 ഒാവറിൽ 54/1 എന്ന സ്കോറിലെത്തിയപ്പോഴേക്കും മഴ വീണ്ടും കോരിച്ചൊരിയാൻ തുടങ്ങി.ഇന്ത്യൻ സമയം അർദ്ധരാത്രി ഒരുമണിക്കും കളി പുനരാരംഭിക്കാൻ ആകാത്തതിനെ തുടർന്നാണ് ഉപേക്ഷിച്ചത്.
പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച പോർട്ട് ഒഫ് സ്പെയ്നിൽ നടക്കും.