ദക്ഷിണാർദ്ധഗോളത്തിൽ ആസ്ട്രേലിയയുടെവടക്കുകിഴക്കുഭാഗത്തായി പസഫിക് സമുദ്രത്തിലുൾപ്പെട്ടു കിടക്കുന്ന ആഴംകുറഞ്ഞ കടലാണ് കോറൽ കടൽ. ആസ്ട്രേലിയയിലെ ക്വീൻസ്ലാന്റ് തീരവും ടോറസ് കടലിടുക്കുമാണ് പടിഞ്ഞാറേ അതിര്, വിസ്തീർണം 47,91,00 ചതുരശ്ര കിലോമീറ്റർ. ശരാശരി ആഴം 2,394 മീറ്റർ.കോറൽ കടലിന്റെ അടിത്തറയ്ക്കു സങ്കീർണമായ പ്രകൃതിയാണ്. ലോകത്തിലെ ഏറ്റവും വലിയ ബാരിയർ റീഫുകൾ ഈ മേഖലയിലാണ്. കടലിന്റെ അടിത്തറ നിമ്നോന്നതമാണ്. കോറൽ കടലിലെ കടൽത്തറയിൽ നിന്ന് ഉയർന്നു നിൽക്കുന്ന മെലിഷ് റൈസ് എന്ന കുന്നിന് 3000 മീറ്റർ ഉയരം.ഭൂമണ്ഡലത്തിലെപ്രധാന ഗർത്ത-ജലമേഖലകളിൽപ്പെട്ട മൂന്നെണ്ണം കോറൽ കടലിലാണ്.
വേലിയേറ്റം
ദിവസം രണ്ടുപ്രാവശ്യം വീതം വേലിയേറ്റമുണ്ടാകും. ഈ സമയത്ത് പസഫിക് സമുദ്രത്തിൽ നിന്ന് ജലം ഇരച്ചു കയറും. വേലിയേറ്റത്തോത് കടലിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായിരിക്കും. ജലനിരപ്പിലെ വർദ്ധനവ് 12 സെ.മീ മുതൽ 476 സെ.മീ വരെയായിരിക്കും. കോറൽ കടലിന്റെ വിവിധ ഭാഗങ്ങളിൽ പരസ്പരവിരുദ്ധമായ കാലാവസ്ഥ അനുഭവപ്പെടുന്നു. കോറൽ കടലിലെ ഉപരിതലത്തിന്റെ സ്വഭാവം നിർണയിക്കുന്നതിൽ ഈസ്റ്റ് ആസ്ട്രേലിയൻ ജലപ്രവാഹത്തിന് കാര്യമായ പങ്കുണ്ട്.
ജലത്തിന്റെ സ്വഭാവം
കോറൽ കടലിന്റെ നൂറുമുതൽ ഇരുനൂറ് മീറ്റർ വരെ ആഴത്തിലുള്ള ജലപിണ്ഡങ്ങളുടെ ഉയർന്ന ലവണത 35 ശതമാനം.ആയിരം മീറ്റർ ആഴത്തിലെത്തുമ്പോൾ ഇത് അല്പംകുറയും.
കോറൽ കടലിന്റെ അടിത്തറയിൽ പെലാജിക് ചെളിമണ്ണാണ്. ഗർത്തമേഖലകളിൽ ചെങ്കൽ മണ്ണുമാത്രം. അടിത്തറയിൽ ഉയർന്നു നിൽക്കുന്ന കടൽക്കുന്നുകളുടെ ഏറിയ ഭാഗവും കാർബണേറ്റ് ചെളിയും കോവൽ അവശിഷ്ടങ്ങളുടെ ആധിക്യമുള്ള മണലും അടിഞ്ഞിരിക്കുന്നു. കോറൽ കടലിന്റെ അരികുകളിലുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽ കോറലുകളുടെ അവശിഷ്ടങ്ങൾ കലർന്ന കരയോര അവസാദങ്ങൾ അട്ടിയായി കാണാം. അടിത്തറയിൽ അങ്ങിങ്ങായി കോറൽപ്പുറ്റുകളുടെ അവശിഷ്ടങ്ങൾ സഞ്ചയമായി കാണപ്പെടുന്നു.
ഉയർന്ന താപനിലയിലും
കോറൽ മത്സ്യങ്ങൾ താരതമ്യേനകൂടുതലായി കാണുന്ന അറ്റ്ലാന്റിക് സമുദ്രത്തിലും അതിനടുത്തുള്ള കരീബിയൻ കടലോരങ്ങളിലുമാണ്.
ഉയർന്ന താപനിലയിൽ കോറൽ മത്സ്യങ്ങൾക്ക് ജീവിക്കാൻ കഴിയും. മനോഹരമായ കോറൽ മത്സ്യങ്ങൾക്കിടയിൽ അപകടകാരികളായ വിഷമത്സ്യങ്ങളുമുണ്ട്.
പവിഴപ്പുറ്റുകളുടെ അടിത്തട്ടിൽ കാണുന്ന കൽമത്സ്യമെന്ന സൈൻസിജ ഉഗ്രവിഷമുള്ള കോറൽ മത്സ്യമാണ്.
കോറൽമത്സ്യങ്ങൾ
പവിഴപ്പുറ്റുകൾ ധാരാളമായുള്ള സമുദ്ര തീരങ്ങളിലെ വർണഭംഗിയുള്ള പലജാതി മത്സ്യങ്ങളാണ് കോറൽ മത്സ്യങ്ങളെന്ന് അറിയപ്പെടുന്നത്. ആഴം കുറഞ്ഞ കടലോരങ്ങളിലാണ് പവിഴപ്പുറ്റുകൾ ധാരാളമായി കാണപ്പെടുന്നത്. പവിഴപ്പുറ്റുകൾ വളരുന്ന കടലോരങ്ങളിൽ ജന്തുലോകത്തിലെ വിവിധ മണ്ഡലങ്ങളിലും വിഭാഗങ്ങളിലുമുള്ള അനേക ജാതി ജന്തു വിഭാഗങ്ങൾ വസിക്കുന്നു.
കറുത്ത വവ്വാൽ മത്സ്യം
പവിഴപ്പുറ്റുകൾക്കിടയിൽ വസിക്കുന്ന ജന്തുവിഭാഗങ്ങളിൽ രൂപഭംഗിയിലും സ്വഭാവ വൈചിത്ര്യ ത്തിലും ആരെയും വശീകരിക്കുന്നവയാണ്കറുത്ത വവ്വാൽ മത്സ്യം എന്നറിയപ്പെടുന്ന പ്ളാടാക്സ് ടീറ.
കറുപ്പും വെളുപ്പും ഇടകലർന്ന വരകളോടുകൂടിയ ഈ മത്സ്യത്തിന് ഒരു വവ്വാലിന്റെ രൂപസാദൃശ്യമുണ്ട്.ചെറുപ്രായത്തിൽ ഇതിന്റെ ചിറകുകൾ വവ്വാലിന്റെ ചിറകുകൾ പോലിരിക്കും. വളർച്ച പ്രാപിക്കുന്നതോടെ ചിറകുകൾ ചെറുതാകും. വിശപ്പും കോപവും വരുമ്പോൾ കറുത്ത വരകൾ കടും കറുപ്പാകും. ഇതിന്റെ രഹസ്യം ഇപ്പോഴും അജ്ഞാതമാണ്.
പൂമ്പാറ്റ മത്സ്യം
പവിഴപ്പുറ്റുകൾക്ക്ചുറ്റും നീന്തിത്തുടിച്ചു നടക്കുന്ന കോറൽ മത്സ്യമാണ് പൂമ്പാറ്റ മത്സ്യം(കീറ്റോസോൻ കൊളാറിസ് ).സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാൻ രണ്ടു തരത്തിലുള്ള പ്രതിരോധ ഘടനകളുണ്ട്. ശത്രുക്കളെ ചിന്താക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള ശരീരത്തിന്റെ കടുംനിറവും ശരീരത്തിന്റെ പിൻഭാഗത്തു പാർശ്വങ്ങളിലായി കണ്ണിന് തുല്യമായ വർണക്കുറിയും പ്രതിരോധായുധങ്ങളാണ്. ശരീരത്തിന്റെ പൃഷ്ഠഭാഗത്തു മൂർച്ചയേറിയ മുള്ളുകളുമുണ്ടായിരിക്കും.
ഡ്രാഗൺ മത്സ്യം
പാമ്പിന്റെ രൂപ സാദൃശ്യമുള്ള കോറൽ മത്സ്യമാണ് ഡ്രാഗൺ മൊറേ ഈൽ എന്ന് സാധാരണ വിളിക്കുന്ന ജിമ്നോ തൊറാക്സ് യൂറോസ്റ്റസ് ശരീരമാസകലംകടുംനിറത്തിലുള്ള പുള്ളികളും വരകളും കാണാം.
പവിഴപ്പുറ്റുകളിലെ ഒളിമാളങ്ങളിൽ പകൽ ചുരുണ്ടുകൂടിക്കഴിയും. രാത്രിയാണ് ഇര തേടുന്നത്.
മാലാഖ മത്സ്യം
മെക്സിക്കോയുടെ പശ്ചിമ തീരത്തുള്ള കോറൽ റീഫുകളിൽ കാണുന്ന കോറൽ മത്സ്യമാണ് മാലാഖമത്സ്യം. ഉജ്വല വർണപ്രഭ കാണും. കോറൽ മത്സ്യങ്ങളുടെ വിഭാഗത്തിൽ വലിപ്പം കൂടിയവയാണിത്.
ശൽക്കങ്ങൾ വെട്ടിത്തിളങ്ങും.ചുവപ്പും മഞ്ഞയും വർണത്തരികളുൾക്കൊള്ളുന്ന സവിശേഷകോശങ്ങളാണ് ഈ തിളക്കം നൽകുന്നത്. ശിരോഭാഗത്തിന് തൊട്ടു പിന്നിൽ ഒരു വെളുത്ത വരയുണ്ടാകും.