കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഏഴ് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും വിമാനത്താവളത്തിന്റെ റൺവേയിലടക്കം വെള്ളം കയറിയതുമായാണ് റിപ്പോർട്ട്. മഴ മാറിയാൽ ഞായറാഴ്ച വൈകിട്ട് മൂന്നിനേ തുറക്കുകയുള്ളുവെന്നും സിയാൽ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങൾ വഴിതിരിച്ച് വിടാനാണ് തീരുമാനം.
അതേസമയം, ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ വഴി ഉള്ള ട്രെയിനുകൾ വൈകും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ,ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്സ്പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സർവീസ് നടത്തില്ല.
വയനാട് മേപ്പാടി പുതുമലയിൽ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേർ അകപ്പെട്ടതായി സംശയിക്കുന്നു. അവിടെ രക്ഷാപ്രവർത്തനത്തിന് കണ്ണൂർ ടെറിട്ടോറിയൽ ആർമിയുടെ ഒരു കമ്പനി രാത്രിയിൽ പുറപ്പെട്ടു. മലപ്പുറം നാടുകാണിയിൽ വീട് ഒലിച്ചുപോയി രണ്ടു സ്ത്രീകളെ കാണാതായി. വിവിധ ജില്ലകളിലായി നൂറുകണക്കിന് വീടുകൾ പൂർണമായും ആയിരത്തോളം വീടുകൾ ഭാഗികമായും തകർന്നു. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കനത്ത നാശം. സംസ്ഥാനത്താകെ അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.