തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത് ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ, തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകൾക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് തിരുവനന്തപുരത്തിനും കൊല്ലത്തിനും അവധി പ്രഖ്യാപിച്ചത്. ഇന്നു നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ് അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.