rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ ഇതുവരെ 20 പേർ മരിച്ചു. ഇന്ന് മാത്രമായി 10 പേർ മരിച്ചു. വടകര വിലങ്ങാട് ഉരുൾപൊട്ടലിൽ നാലുപേരെയും കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരെയും കാണാതായി. വിലങ്ങാട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിലങ്ങാട് മൂന്നുവീടുകൾ മണ്ണിനടിയിലായി. ഇതിനിടെ കേന്ദ്ര ജല കമ്മിഷൻ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്.

മലപ്പുറം എടവണ്ണ ഒതായിൽ വെള്ളിയാഴ്ച രാവിലെ വീടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. അച്ഛനും അമ്മയും രണ്ടുമക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനിൽ എന്നിവരാണ് മരിച്ചത്. കൂടാതെ കോഴിക്കോട് കുറ്റ്യാടി വളയന്നൂരിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മാക്കൂൽ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വടകര വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടലിൽ മൂന്നുപേരെ കാണാതായി.

ഉരുൾപൊട്ടലുണ്ടാ വയനാട്ടിലെ പുത്തുമലയിൽ ഒരു മൃതദേഹം കണ്ടെത്തി. 50ൽ കൂടുതൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാൻ കഴിയുന്നത്. എം.എൽ.എയും സബ്കളക്ടറും ഉൾപ്പടെയുള്ളവർ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ്. നാല് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓ‌റഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവർഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു.