kerala-flood
മേപ്പാടി പുത്തൂരിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിന്റെ ദൃശ്യം, അപകടത്തിൽ ഒരു പ്രദേശം മുഴുവൻ ഒഴുകിപ്പോയി

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലിൽ കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. മുപ്പതിലധികം പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായി വിവരമുണ്ട്. നിരവധി പേരെ കാണാതായതായി സംശയിക്കുന്നുണ്ട്. മണ്ണിനടിയിൽ പെട്ട മൂന്നുപേരെ ഇന്നലെ രക്ഷിച്ചിരുന്നു. എസ്‌റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങൾ എന്നിവ പൂർണമായും മണ്ണിനടിയിലാണ്. ഇന്ന് രാവിലെയും രക്ഷാപ്രവർത്തനം നടന്നുവരികയാണ്. പുത്തുമലയിൽ സംഭവിച്ചത് വൻ ദുരന്തമാണെന്നാണ് ഇവിടുന്ന് ലഭിക്കുന്ന വിവരം. പ്രതികൂല കാലാവസ്ഥയിൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്.


വ്യാഴാഴ്ച പകൽ 3.30 ഓടെയാണ് വൻ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വന്നത്. ഈ സമയം എസ്‌റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. ചെരിഞ്ഞ പ്രദേശമാണിത്. എത്ര പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ഇനിയും ലഭ്യമല്ല. എന്നാൽ കഴിഞ്ഞ ബുധനാഴ്ച മുതൽ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകുന്നുണ്ടെന്നതിനാൽ അന്നുതന്നെ നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇന്നലെ രാവിലെയും ഏറെ പേരെ മാറ്റിയതായി പറയുന്നുണ്ട്.


പ്രദേശത്തേക്കുള്ള എല്ലാ ഗതാഗതമാർഗവും തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പ്രയാസമുണ്ട്. നിരവധി പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയും, സൈന്യവും, പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ഏതാനും ടൂറിസ്റ്റുകളും ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെയുണ്ടായിരുന്നതായാണ് വിവരം. മഴയ്ക്ക് അൽപ്പം ശമനമുണ്ടായാൽ മാത്രമേ രക്ഷാപ്രവർത്തനം സുഗമമാകൂ. രക്ഷപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതേസമയം, എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ല. ചില വീടുകളും മണ്ണിനടിയിലായിട്ടുണ്ട്. മുപ്പത് വർഷം മുമ്പ് പ്രദേശത്ത് സമാനമായ രീതിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്.


മഴ തുടരുമെന്ന് മുന്നറിയിപ്പ്

അതേസമയം, സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഈ നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിവിധ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.