നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കേരളത്തെ മുക്കിയ മഹാപ്രളയത്തിന്റെ മുഖമായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം ഇടം പിടിച്ചത് ഒരു സാഹസിക ചിത്രമായിരുന്നു. മൂന്ന് വയസുകാരനായ സൂരജിനെയും എടുത്തുകൊണ്ട് പ്രളയത്തിന്റെ രൗദ്രതയിൽ മുങ്ങിയ ചെറുതോണിപാലത്തിലൂടെ ഓടുന്ന ഉദ്യോഗസ്ഥന്റെ ചിത്രമാണത്. അന്ന് വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇടുക്കിഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത് കാണാനായി തടിച്ചുകൂടിയർ ശ്വാസമടക്കിയാണ് റെസ്‌ക്യൂ ഓഫീസർ കനയ്യ കുമാറിന്റെ സാഹസിക പ്രവർത്തി കണ്ടത്. പ്രളയത്തിന് ഒരാണ്ട് പൂർത്തിയാകുന്ന വേളയിൽ അച്ഛന്റെ ഒക്കത്തിരുന്നു സൂരജ് ചെറുതോണി പാലത്തിൽ എത്തിയ ചിത്രം കേരളകൗമുദി ഫോട്ടോഗ്രാഫർ സുഭാഷ് കുമാരപുരമാണ് പകർത്തിയത്. ചിത്രത്തിൽ പാലത്തിന് പിന്നിലായി കാണുന്ന ജെ.സി.ബിയുള്ളിടത്തായിരുന്നു സൂരജിന്റെ വീട് . വെള്ളപ്പൊക്കത്തിൽ ആ വീട് അവർക്ക് നഷ്ടമായി. പ്രളയത്തിന്റെ ഒരാണ്ട് പൂർത്തിയായ വേളയിൽ കേരളം മറ്റൊരൊ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണിപ്പോൾ.
അന്ന് താരമായത് കനയ്യകുമാറും ചെറുതോണിപ്പാലവും
ഇടുക്കി ഡാം തുറന്നതിന്റെ രണ്ടാം ദിവസം ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ പനി പിടിച്ച കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ഓടുന്ന ദൃശ്യം പ്രളയാതിജീവനത്തിന്റെ ഓർമച്ചിത്രമാണ്. മഹാപ്രളയത്തിന്റെ ആഘാതം ലോകത്തെ അറിയിക്കും വിധം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായി പിന്നീടതുമാറി. വീട്ടുകാരും ബന്ധുക്കളും സ്നേഹത്തോടെ തക്കുടുവെന്ന് വിളിക്കുന്ന സൂരജായിരുന്നു ആ കുട്ടി. ചെറുതോണി ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും ഏകമകൻ. ഡാം തുറക്കുന്നതും വെള്ളമൊഴുകുന്നതും സുഹൃത്തുക്കൾക്കൊപ്പം കണ്ടശേഷം ആഗസ്റ്റ് 10ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നു വയസുള്ള മകനെയായിരുന്നു അതിശക്തമായ മഴ വകവയ്ക്കാതെ അവനെയുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. പാലത്തിനടുത്ത് എത്തിയപ്പോൾ അക്കരെ വിടാൻ നിർവാഹമില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.
എന്നാൽ കുഞ്ഞിന് പനി കൂടുതലാണെന്ന് ബോദ്ധ്യപ്പെട്ടതോടെ മറുകരയിലുള്ള സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ അവിടെയുണ്ടായിരുന്ന ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്ന് ആട്ടോറിക്ഷയിൽ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്ന കാഴ്ചയാണ്. കൈയിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സമയം സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് കൈയിൽ വച്ചോളൂ എന്നുപറഞ്ഞു തന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും വിജയരാജിന്റെ മനസിലുണ്ട്.
സൂരജിനൊപ്പം ചെറുതോണിപാലവും സ്വന്തം ശക്തി തെളിയിച്ച് താരമായി മാറി. ഡാമിൽ നിന്നും ശക്തിയായി ഒഴുകി ചെറുതോണിയിലെത്തിയ ജലപ്രവാഹത്തിൽ പാലം ഒന്നാകെ ഒലിച്ചുപോവുമെന്ന് കണക്കുകൂട്ടിയവരാണ് അവിടെ തടിച്ചുകൂടിയവരെല്ലാം. എന്നാൽ ബ്രിട്ടീഷുകാരുടെ കാലത്ത് പണിതീർത്ത ചെറുതോണിപാലം കുലുങ്ങിയില്ല. പ്രളയാനന്തരം അതിജീവനത്തിന്റെ അടയാളമായി നിന്ന ചെറുതോണി പാലത്തിന് സർക്കാർ അറ്റകുറ്റപണികൾ നടത്തിയിരുന്നു.