red-109

''ഓ....സാറ്..."

സി.ഐ അലിയാർ പെട്ടെന്നെഴുന്നേറ്റു.

പുഞ്ചിരിച്ചുകൊണ്ട് ഷാജഹാൻ സിറ്റൗട്ടിലേക്കു കയറി.

''സാർ..."

അലിയാർ പെട്ടെന്ന് അറ്റൻഷനായി സല്യൂട്ട് ചെയ്തു.

ഷാജഹാൻ അയാളെ അടിമുടി ഒന്നു നോക്കി.

''തനിക്ക് സല്യൂട്ടു ചെയ്യാനുള്ള ശക്തിയായി. അല്ലേ?"

''സാർ. ആം ഓൾ റൈറ്റ്. ഇനി സർവ്വീസിൽ തിരികെ പ്രവേശിക്കണം എന്നാണ് ആഗ്രഹം."

സി.ഐ, എസ്.പിയെ അകത്തേക്കു ക്ഷണിച്ചു.

ഷാജഹാൻ ഒന്നു മൂളി.

അലിയാരുടെ ഉമ്മ സുഫൈജയും പത്നി മുംതാസും ഓടിയെത്തി. ഇരുവർക്കും സുപരിചിതനാണ് എസ്.പി ഷാജഹാൻ. അലിയാരോടുള്ള പ്രത്യേക വാത്സല്യവും അറിയാം.

''ഇവന് കാക്കിയിടാതെ പറ്റത്തില്ലെന്നാ സാറേ പറയുന്നത്."

സുഫൈജ പരാതിപ്പെട്ടു.

''അത് ഉമ്മാ...." ഷാജഹാൻ കസേരയിലിരുന്നു. ''സത്യവും നീതിയും നടത്തണം എന്നുള്ള പോലീസുകാരെ നമുക്കങ്ങനെ തടഞ്ഞു നിർത്താൻ കഴിയില്ല. കാക്കിക്ക് പ്രാണനേക്കാൾ വില കൽപ്പിക്കുന്നവരാണ് അവർ."

മകനെക്കുറിച്ചുള്ള ആ പ്രശംസ സുഫൈജയ്ക്ക് നന്നേ ബോധിച്ചു.

''സാറിന് കാപ്പിയാണല്ലോ ഇഷ്ടം. ഞാൻ ഇപ്പം കൊണ്ടുവരാം." മുംതാസ് കിച്ചണിലേക്കു പോയി.

കാപ്പികുടി കഴിഞ്ഞു.

''വാടോ. നമുക്കൊന്നു നടക്കാം."

എസ്.പി, അലിയാരെയും കൂട്ടി മുറ്റത്തേക്കിറങ്ങി.

വീടിനു ചുറ്റും വിശാലമായ തെങ്ങിൻ തോട്ടമായിരുന്നു. അതിനിടയിലൂടെ തൊട്ടടുത്ത തോടു വരെ ഇരുവരും നടന്നു. അതിനിടെ ആരും ഒന്നും സംസാരിച്ചില്ല. തോട്ടിൽ രണ്ട് കരിമീനുകൾ ചെറിയ കുഞ്ഞുങ്ങളുമായി പോകുന്നതു കണ്ടു. കുഞ്ഞുങ്ങളെ പിടിക്കാനെത്തുന്ന മറ്റ് ജീവികളെ റോക്കറ്റ് വേഗത്തിലാണ് അവ പായിക്കുന്നത്. അല്പനേരം അത് നോക്കി നിന്നിട്ട് ഷാജഹാൻ പറഞ്ഞു:

''വാസ്തവത്തിൽ ആ കുഞ്ഞു മത്സ്യങ്ങളുടെ അമ്മയും അച്ഛനുമാകണം ഇവിടുത്തെ പോലീസ്. കുഞ്ഞുങ്ങൾ ഇവിടുത്തെ സാധാരണ ജനങ്ങൾ. അങ്ങനെയുള്ള സാധാരണക്കാരെ സംരക്ഷിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നവരായിരിക്കണം പോലീസ്."

ആത്മനിന്ദ കലർന്ന ഒരു ചിരി എസ്.പി ഷാജഹാന്റെ മുഖത്തുണ്ടായി.

''ഇവിടെ പക്ഷേ ഋഷികേശിനെയും ധനപാലനെയും പോലെയുള്ളവരാണല്ലോ അധികവും? എങ്ങനെയും പണം വാരിക്കൂട്ടണമെന്നും അതിനൊക്കെ ആരെയെല്ലാം ഉപദ്രവിക്കണമെന്നും റിസർച്ച് നടത്തുന്നവർ..."

ഒരു തെങ്ങിൽ ചാരി അലിയാർ, ഷാജഹാന്റെ മുഖത്തേക്കു കണ്ണുനട്ടു നിന്നു.

''ഈ പോക്കു പോയാൽ ഇവിടം നന്നാകത്തില്ലെടോ. ഒരിക്കൽ ജനങ്ങൾ തെരുവിലിറങ്ങി പോലീസിനെ കൈ വയ്ക്കുന്ന കാലം വിദൂരമല്ല. പ്രതികൾക്ക് എക്സ്‌കോർട്ടു പോകുക... ഉരുട്ടിക്കൊല്ലുക, പ്രതി സമ്പന്നനാണെങ്കിൽ കേസന്വേഷണം അട്ടിമറിക്കുക, മദ്യപിച്ച് കാലുറയ്ക്കാത്തവൻ വണ്ടിയിടിച്ച് ആരെയെങ്കിലും കൊന്നാൽ പോലും ബ്ളഡ് സാമ്പിൾ പരിശോധിക്കാതിരിക്കുക... അങ്ങനെ അഴിമതിയുടെ കുത്തൊഴുക്കിൽ ഈ നാട്ടിലെ എത്ര സത്യസന്ധന്മാരായ പോലീസുകാർക്ക് പിടിച്ചുനിൽക്കാനാവും?"

''സത്യമാണു സാർ. പക്ഷേ എന്നാൽ കഴിയുന്നത് ചെയ്താൽ നമുക്കൊരു ആത്മസംതൃപ്തിയെങ്കിലും ഉണ്ടാവില്ലേ?"

അലിയാർ തിരക്കി.

''ഉം. സർവ്വീസ് ഹിസ്റ്ററിയിൽ അതു മാത്രമാവും മിച്ചം."

ഷാജഹാൻ ഒരു ചെറിയ കല്ലെടുത്ത് തോട്ടിലേക്കെറിഞ്ഞു.

കരിമീൻ കുഞ്ഞുങ്ങളുടെ അപ്പനും അമ്മയും അവിടേക്കു പാഞ്ഞുവന്നു.

''കണ്ടോ. അതാണു ശ്രദ്ധ. കണ്ണും കാതും തുറന്നുവച്ചുള്ള കാവൽ."

ഷാജഹാൻ തിരിഞ്ഞു.

''ഞാൻ തന്നോട് സംസാരിക്കാൻ വന്നത് ഒരു പ്രധാന കാര്യമാണ്."

''ഞാൻ ഊഹിച്ചു സാർ..."

''അറിഞ്ഞല്ലോ നിലമ്പൂരിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങൾ?"

''അറിഞ്ഞു സാർ."

''സി.ഐ ഋഷികേശിന്റെയും എസ്.ഐ കാർത്തിക്കിന്റെയും തൊപ്പിതെറിക്കാൻ അധിക ദിവസം ഉണ്ടാവില്ല. ക്രൈംബ്രാഞ്ച് ടീം അന്വേഷണം തുടങ്ങിക്കഴിഞ്ഞു. എന്റെയൊരു സുഹൃത്താണ് അന്വേഷണച്ചുമതലയുള്ള എസ്.പി. അയാളിൽ നിന്ന് അറിഞ്ഞതനുസരിച്ച് ഏറിയാൽ ഒരു മാസം... അപ്പോൾ അവിടെ സി.ഐയായി താൻ ചുമതലയേൽക്കും. അതിനുള്ള ചരടുവലികൾ നടത്താനുള്ള പവറൊക്കെ ഇപ്പോഴും ഉണ്ടെടോ എനിക്ക്."

''സാർ.. റിയലി?"

അലിയാർക്ക് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.,

''ഉം. പിന്നെ എം.എൽ.എ ശ്രീനിവാസ കിടാവ്. എല്ലാത്തിനും പിന്നിൽ അയാളാണ്. സർവ്വ തെളിവോടും കൂടി അയാളെ പൂട്ടണം. കേരളത്തിൽ ജയിൽവാസം അനുഭവിക്കുന്ന ആദ്യ കുറ്റവാളിയായ എം.എൽ.എ അയാളായിരിക്കണം."

''സാർ... പ്രോമിസ്."

അലിയാർ, എസ്.പി ഷാജഹാന്റെ കൈ പിടിച്ചു, മുറുക്കി.

(തുടരും)