red-110

എസ്.പി ഷാജഹാൻ തുടർന്നു:

''ശ്രീനിവാസ കിടാവിന്റെ പല ബിസിനസ്സുകളെയും കുറിച്ചുള്ള ഡീറ്റയിൽസ് ഞാൻ കളക്ടു ചെയ്തുകൊണ്ടിരിക്കുകയാണ്. അത് തനിക്കു പ്രയോജനപ്പെടും."

''താങ്ക്‌യൂ സാർ..."

അലിയാർ തലയാട്ടി.

അല്പനേരം കൂടി തെങ്ങിൻ തോപ്പിലൂടെ സംസാരിച്ചുകൊണ്ടു നടന്നിട്ട് എസ്.പി ഷാജഹാൻ മടങ്ങി.

അപ്പോൾ അലിയാരുടെ മനസ്സിൽ ശ്രീനിവാസ കിടാവിന്റെയും പരുന്ത് റഷീദിന്റെയും അണലി അക്‌ബറിന്റെയും മുഖങ്ങളായിരുന്നു.

പിന്നെ പ്രജീഷിന്റെയും ചന്ദ്രകലയുടെയും...

ഒപ്പം പാഞ്ചാലിയുടെയും വിവേകിന്റെയും രൂപങ്ങൾ അയാളുടെ മനസ്സിൽ സങ്കടക്കടലായി.

രാത്രി 9 മണി.

വടക്കേ കോവിലകത്തിന്റെ മുറ്റത്ത് ഒരു ഓട്ടോ വന്നുനിന്നു. പൂമുഖത്ത് ചുങ്കത്തറ വേലായുധ പണിക്കരെ കാത്ത് പ്രജീഷും ചന്ദ്രകലയും പരുന്ത് റഷീദും ഉണ്ടായിരുന്നു.

അണലി അക്‌ബർ എവിടെയാണെന്ന് പരുന്തിന് ഇനിയും അറിഞ്ഞുകൂടാ....

ഓട്ടോയിൽ നിന്നു പണിക്കാർ ഇറങ്ങി.

''സാധനങ്ങളൊക്കെ ഇറക്കി അകത്തേക്കു വച്ചോ."

അയാൾ പരുന്തിനോടു പറഞ്ഞു. അയാൾ ഒറ്റയ്ക്ക് എല്ലാം ഇറക്കുന്നതു കണ്ടപ്പോൾ പണിക്കാരുടെ നെറ്റി ചുളിഞ്ഞു.

''അണലി എന്തിയേ?"

ഒരറിവുമില്ല. രാവിലെ ഇവിടെ നിന്നു പോയതാ."

മറുപടി നൽകിയത് പ്രജീഷാണ്.

''അതൊരു അപശകുനമായി തോന്നുന്നല്ലോ... അണലിക്ക് എന്തോ 'അക്കിടി" പറ്റിയെന്ന് എന്റെ മനസ്സു പറയുന്നു."

അതുകേട്ട് പ്രജീഷും ചന്ദ്രകലയും ഞെട്ടിപ്പോയി.

പരുന്ത് റഷീദിലും ഉണ്ടായി ഒരപകടത്തിന്റെ ഗന്ധം.

''എന്തായാലും ഇനി കർമ്മം മാറ്റിവയ്ക്കുന്നില്ല. എതിർപ്പുകൾ ഇങ്ങനെ ഓരോന്നായി വന്നുകൊണ്ടിരിക്കും."

പണിക്കർ പുറുപിറുത്തു.

സാധനങ്ങൾ ഇറക്കി കഴിഞ്ഞയുടൻ ഓട്ടോ മടങ്ങി.

കളം വരച്ചു കർമ്മം ചെയ്യാൻ വേലായുധ പണിക്കർ കണ്ടെത്തിയ സ്ഥലം നടുമുറ്റമാണ്. അണലി അക്‌ബറെ കുഴിച്ചുമൂടിയതിന്റെ നേരെ മുകൾ ഭാഗം.

''ഇവിടുത്തെ മണ്ണൊക്കെ ഇളകി കിടക്കുകയാണല്ലോ.... പണിക്കർ തലതിരിച്ച് പ്രജീഷിനെ നോക്കി.

''രാത്രിയിൽ പെരുച്ചാഴി അവിടം മുഴുവൻ ഉഴുതുമറിച്ചു. ഞാൻ പിന്നെ ഒക്കെയൊന്ന് നിരപ്പാക്കിയതാ..." പറയുമ്പോൾ ശബ്ദം പതറാതിരിക്കാൻ പ്രജീഷ് ശ്രദ്ധിച്ചു.

അണലിയെ കുഴിച്ചിട്ടതിനു മുകളിൽ കളം വരച്ച് അഗ്നിഹോമത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി പണിക്കർ. 'പരികർമ്മി"യായി ഒപ്പം കൂടി പരുന്ത്.

പ്ളാവിൻ വിറകുകൂട്ടി അതിൽ എണ്ണയൊഴിച്ച് ഹോമകുണ്ഡത്തിൽ തീ പകർന്നു പണിക്കർ. പിന്നെ എള്ളും ചമതയും തെറ്റിപ്പൂവും ഹോമിച്ച് എറിഞ്ഞുതുടങ്ങി.

ഒരടിയോളം ഉയർന്ന തീയിലേക്ക് പണിക്കർ സൂക്ഷിച്ചുനോക്കി. ഇരിക്കാൻ ഉപയോഗിച്ച മരപ്പലക അല്പം കൂടി മണ്ണിൽ ഉറപ്പിച്ചു.

പിന്നെ വെള്ളി കെട്ടിയ ചൂരൽ വടിയെടുത്ത് അഗ്നിയിലേക്കു ചൂണ്ടി മന്ത്രങ്ങൾ ഉരുവിട്ടു തുടങ്ങി.

ഹോമകുണ്ഡത്തിന്റെ ചൂടിൽ പണിക്കർ വിയർത്തൊഴുകി. അയാളുടെ നെറ്റിയിലെ കുങ്കുമം ചോരച്ചാൽ പോലെ താഴേക്കു വന്നു... പണിക്കരുടെ വട്ടക്കണ്ണുകളിൽ അഗ്നിയുടെ പ്രതിബിംബം രൗദ്ര നൃത്തമാടി...

''മര്യാദയ്ക്കു ഞാൻ പറയുകയാ. വാ ഇവിടെ...."

പണിക്കർ ചൂരൽ ആകാശത്തിലേക്കുയർത്തിയിട്ട് താഴേക്കു ചൂണ്ടി.

ചന്ദ്രകലയും പ്രജീഷും പരുന്തു റഷീദും പേടിയോടെ ആകാശത്തേക്കു നോക്കി.

നക്ഷത്രങ്ങളെ മൂടുന്ന കരിമേഘങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടില്ല...

''വരാൻ നിന്നോടാ പറഞ്ഞത്. അല്ലെങ്കിൽ വരുത്താൻ എനിക്കറിയാം."

താൻ മാത്രം കാണുന്ന ആരോടോ എന്ന വണ്ണമാണ് പണിക്കരുടെ കൽപ്പന....

''എന്നാൽ നീ ഒന്നു വരുത്തിക്കേടാ..."

പെട്ടെന്നാണ് കോവിലകത്തിനുള്ളിൽ എവിടെനിന്നോ ആ ശബ്ദം കേട്ടത്.

പണിക്കർ ഞെട്ടിത്തിരിഞ്ഞു ചുറ്റും പകച്ചുനോക്കി.

ഇടം കണ്ണാൽ അയാൾ മറ്റുള്ളവരെ ശ്രദ്ധിച്ചു. അവരും ആകെ പകച്ച മട്ടാണ്! അവരുടെ മുന്നിൽ താൻ അധൈര്യവാനാകരുതെന്ന് പണിക്കർ തീരുമാനിച്ചു.

''എന്നെ പരീക്ഷിക്കരുത്. വേഗം വന്നാൽ നിന്നെ ഞാൻ നോവിക്കില്ല. ഉം... വാ."

അടുത്ത നിമിഷം മറുപടി കിട്ടി.

''പോടോ കള്ളപ്പണിക്കരേ... നിനെക്കെന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.... ഇനി ഞാൻ ഇവിടെയിരുന്നാൽ തനിക്ക് എന്തു സംഭവിക്കുമെന്ന് അറിയണോ?"

പണിക്കരുടെ ഉള്ള് കിടുങ്ങുകയാണ്. ഇത്തരം ഒരു പ്രതിസന്ധി അയാൾ പ്രതീക്ഷിച്ചിട്ടില്ല.

ഒരിക്കൽ കൂടി ആ ശബ്ദം കേട്ടു:

''തനിക്ക് എന്തുപറ്റുമെന്ന് അറിയണമെങ്കിൽ താൻ ഹോമകുണ്ഠം ഒരുക്കിയിരിക്കുന്നിടം കുഴിച്ചുനോക്ക്. അവിടെ കുഴിച്ചുമൂടിയിരിക്കുന്നത് ആരുടെ ശവമാണെന്ന് കണ്ടുനോക്ക്..."

''ങ്‌ഹേ?" തീപ്പൊള്ളൽ ഏറ്റതുപോലെ പണിക്കർ ചാടിയെഴുന്നേറ്റു.

(തുടരും)