പെരുമഴയത്ത് പുതുവെള്ളം പൊങ്ങുമ്പോൾ വലിയ മത്സ്യങ്ങളെ പിടിക്കുവാൻ നാട്ടിൽ സജീവമാകുന്ന ചിലരെ അറിയില്ലെ അതുപോലെ പെരുമഴയത്ത് പലനാളായി വഴുതിപൊയ്‌ക്കൊണ്ടിരുന്ന പ്രതിയെ പിടികൂടാനായ സന്തോഷത്തിലാണ് നമ്മുടെ എക്‌സൈസ് വകുപ്പ്. സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് എത്തിച്ചു വിൽപ്പന നടത്തിവന്ന ആലുവ സ്വദേശിയായ ബഷീറിനെയാണ് എക്‌സൈസ് പിടികൂടിയത്. മീൻകച്ചവടത്തിന്റെ മറവിലാണ് ഇയാൾ ലഹരി കച്ചവടം നടത്തിയിരുന്നത്. അതിനാൽ തന്നെ കുട്ടികൾക്ക് കഞ്ചാവ് കൈമാറുന്നത് ആരാണെന്ന് കണ്ടെത്താൻ എക്‌സൈസ് ഉദ്യോഗസ്ഥർ ഏറെനാളായി പരിശ്രമിക്കുകയായിരുന്നു. വീട്ടിൽ സൂക്ഷിക്കാതെ ആളൊഴിഞ്ഞ പറമ്പുകളിൽ കുഴിച്ചിട്ടാണ് ഇയാൾ കഞ്ചാവു സൂക്ഷിച്ചിരുന്നത്. ആവശ്യക്കാരെ കണ്ടെത്തുന്നത് അനുസരിച്ച് 500 ,1000 രൂപയുടെ ചെറു പൊതികളാക്കിയാണ് വില്പന നടത്തി വന്നിരുന്നത്.
മഴ പെയ്തതോടെയാണ് ബഷീറിന്റെ പദ്ധതികൾ തകിടം മറിഞ്ഞത്. കുഴിച്ചിട്ടിരിക്കുന്ന കഞ്ചാവ് വെള്ളം കയറി നശിക്കുമോ എന്ന അങ്കലാപ്പിലായതോടെ തനിക്ക് കഞ്ചാവ് നൽകിയ മൊത്തക്കച്ചവടക്കാരെ വിളിച്ച് തിരിച്ച് നൽകാൻ ബഷീർ ശ്രമിച്ചതോടെയാണ് സംഭവം എക്‌സൈസിന്റെ ശ്രദ്ധയിൽ പെട്ടത്. രഹസ്യവിവരം ലഭിച്ചതോടെ മഫ്തിയിലെത്തിയ ഉദ്യോഗസ്ഥർ കഞ്ചാവ് ആവശ്യമുണ്ടെന്ന് ബഷീറിനെ അറിയിക്കുകയും തൊണ്ടി സഹിതം പിടികൂടുകയുമായിരുന്നു. രണ്ടേകാൽ കിലോ കഞ്ചാവുമായി എറണാകുളം എക്സൈസ് സെപഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായ ബഷീർ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. പെരുമഴക്കാലം അനുഗ്രഹമായ സംഭവകഥ എക്‌സൈസ് വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്ക് വച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കനത്ത മഴയും കാലവർഷവും കഞ്ചാവുകാരനെ പിടികൂടാൻ എക്സൈസിനെ സഹായിച്ചു. വർഷങ്ങളോളം മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവു വില്പന നടത്തി വന്നിരുന്ന ആലുവ കുന്നത്തേരി കിടങ്ങയത്ത് 37 വയസുള്ള ബഷീർനെ ആണ് പത്തുവർഷം വരെ ശിക്ഷാ കിട്ടാവുന്ന അളവിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി എറണാകുളം എക്സൈസ് സെപഷ്യൽ സ്ക്വാഡിന്റെ പിടിയിലായത് ടിയാൾ കഞ്ചാവു കടത്തിയ മഹീന്ദ്ര ആൽഫ കാരിയർ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. യുവാക്കൾക്കും സ്കൂൾ കോളേജ് വിദ്യാർത്ഥി കൾക്കും കാക്കനാട് തേവയ്ക്കലിലുള്ള വാടക വീട് കേന്ദ്രികരിച്ച് ആണ് ഇയാൾ കഞ്ചാവു വില്പന നടത്തി വന്നിരുന്നത്, വീട്ടിലൊ വാടക വീട്ടിലൊ സൂക്ഷിക്കാതെ ആളൊഴിഞ്ഞ പറമ്പുകളിൽ കുഴിച്ചിട്ടാണ് ഇയാൾ കഞ്ചാവു സൂക്ഷിച്ചിരുന്നത്. ആവിശ്യക്കാരെ അനുസരിച്ച് 500 ,1000 രൂപയുടെ ചെറു പൊതികളാക്കിയാണ് വില്പന നടത്തി വന്നിരുന്നത്. എന്നാൽ കനത്ത മഴ വന്നതു മൂലം ഇപ്രകാരം കഞ്ചാവു സൂക്ഷിച്ചാൽ നനഞ്ഞ് നശിക്കുമെന്നതിനാലും, മഴയത്ത് കാര്യമായി കച്ചവടം നടക്കാതെ വരുകയും ചെയ്തതിനാൽ ടിയാൻ എങ്ങനെയെങ്കിലും കൈവശ മുള്ള മുഴുവൻ കഞ്ചാവും വില്പന നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാൾ സമീപിച്ചവരിലൊരാൾ എറണാകുളം എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ B സുരേഷിന്റെ നാർക്കോട്ടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പം അംഗത്തിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ സ്ക്വാഡംഗം ഉപഭോക്താവ് എന്ന നിലയിൽ വേഷപ്രച്ഛന്നനായി സമീപിച്ച് ഡീൽ ഉറപ്പിച്ച ശേഷം എറണാകുളം KSRTC സ്റ്റാന്റിന് സമീപം വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു. സ്പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ P ശ്രീരാജ്, പ്രിവന്റീവ് ഓഫിസർ K R രാം പ്രസാദ് സി ഇ ഒ മാരായ MM അരുൺകുമാർ, രാകേഷ്, വിപിൻദാസ്, സിദ്ദാർത്ഥൻ ,ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.