jude-anthany

ആലുവ: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ ആശങ്ക പങ്കുവച്ച് സംവിധായകൻ ജൂ‌ഡ് ആന്റണി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരണവുമായെത്തിയത്. നേരത്തെ ആലുവ മണപ്പുറത്തെ അവസ്ഥ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. എന്നാൽ, ഈ ചിത്രം കഴിഞ്ഞ പ്രളയ കാലത്ത് എടുത്തതാണെന്ന സംശയവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിൽ വിശദീകരണവുമായാണ് ഇപ്പോൾ ജൂഡ് ആന്റണി രംഗത്തെത്തിയത്.

ആലുവയിൽ താനിപ്പോൾ നിൽക്കുന്ന ഫ്ളാറ്റിൽ നിന്നെടുത്ത ചിത്രമാണിതെന്നും വളരെ പെട്ടന്ന് തന്നെ വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും ജൂഡ് ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടാണ് ഇവിടെയെത്തിയതെന്നും ഇവിടെ നിന്നുമാണ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചതെന്നും സംവിധായകൻ പറയുന്നു.

"ഫോട്ടോയിൽ കാണുന്ന അമ്പലമൊക്കെ മുങ്ങി തുടങ്ങി. കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു. പേപ്പറിലും ടിവിയിലും വാർത്ത വരാൻ കാത്തിരിക്കാതെ വേണ്ട കാര്യങ്ങൾ ചെയ്യുക. ഈ സമയം കൊണ്ട് തന്നെ വീട്ടിൽ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മാറ്റിയ"തായും അദ്ദേഹം പറഞ്ഞു.

"നിങ്ങളും അതു തന്നെ ചെയ്യണം. കാരണം, വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാൻ കഴിയില്ല. നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി കാര്യങ്ങൾ ചെയ്യുക. ടോർച്ച് പോലുള്ള സാധനങ്ങൾ കയ്യില്‍ കരുതുക. കഴിഞ്ഞ തവണ ഉണ്ടായതുപോലെ സംഭവിക്കാതിരിക്കട്ടെയെന്നും പ്രളയത്തിന്റെ പഴയ ചിത്രം പോസ്റ്റ് ചെയ്ത് നിങ്ങളെ താൻ പറ്റിച്ചതല്ലെന്നും ജൂഡ് പറഞ്ഞു.