pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്രമായ മഴ രാത്രിയോടെ ശമിക്കുമെങ്കിലും ആഗസ്‌റ്റ് 15ന് വീണ്ടും അതിശക്തമായി തിരികെയെത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ തവണത്തെ പ്രളയത്തിന് സമാനമായ സാഹചര്യം നിലവിൽ ഇല്ല. എന്നാൽ ജാഗ്രതയ്‌ക്ക് അയവുവരുത്തരുത്. സംസ്ഥാനത്ത് ഇതുവരെ 24 ഇടങ്ങളിൽ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായി. വിവിധ സ്ഥലങ്ങളിലായി ഇതുവരെ 22 പേർ മരിച്ചതായും സംസ്ഥാനത്ത് 315 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

 സംസ്ഥാനത്ത് ഇപ്പോൾ പെയ്യുന്ന മഴ രാത്രിയോടെ കുറയും. 15ന് ശക്തമായി തിരിച്ചെത്തും.

ജാഗ്രതാ നിർദ്ദേശം പിൻവലിക്കുന്നില്ല. മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയ്‌ക്കും, ഉയർന്ന തിരമാലകൾക്കും സാധ്യത

മേപ്പാടിയിൽ ഉരുൾപൊട്ടലുണ്ടായിടത്ത് സൈന്യം, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താൻ സാധിച്ചിട്ടുണ്ടെങ്കിലും രക്ഷാപ്രവർത്തനത്തിന് വേണ്ട യന്ത്രങ്ങളുടെ ക്ഷാമം നേരിടുന്നുണ്ട്.

പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവരെ എയർ ലിഫ്‌റ്റ് ചെയ്യും. ഇതിനായി വ്യോമസേന റെഡിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലാവസ്ഥ മോശമായതിനാലാണ് ഇവർക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ കഴിയാത്തത്.

നിലമ്പൂരിലും, ചാലക്കുടി പുഴയിലും പ്രളയ സമാന സാഹചര്യമുണ്ട്.

പ്രശ്‌നങ്ങളുള്ള ജില്ലകളിൽ വിവിധ മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ദുരിത മേഖലയിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടത് ജില്ലാ കളക്ട‌ർമാരുടെ ചുമതലയാണ്.