തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയാണ് ഉണ്ടായിരിക്കുന്നതെന്നും എന്നാൽ കഴിഞ്ഞ തവണത്തേത് പോലെയുള്ള പ്രളയസ്ഥിതി ഇല്ലെന്നാണ് റിപ്പോർട്ടുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതിനർത്ഥം മുൻകരുതൽ നടപടികളിൽ അയവ് വരുത്താം എന്നല്ല. കഴിഞ്ഞവർഷത്തെ അനുഭവത്തിലൂടെ സ്വായത്തമാക്കിയ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ജാഗ്രതയോടെ അപകടമൊഴിവാക്കാനുള്ള നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതി സംബന്ധിച്ച് രാവിലെ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിന് തൊട്ടുമുമ്പുള്ള കണക്കുകളനുസരിച്ച് 22 പേരാണ് ഇതുവരെ മരിച്ചത്. പെരിയാർ, വളപട്ടണം, തൂതപ്പഴ, കൂമൻപുഴ തുടങ്ങി വിവിധ നദികളിൽ ജലനിരപ്പുയർന്നു. കേന്ദ്ര ജലകമ്മിഷൻ ഈ സാഹചര്യത്തിൽ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ അതിതീവ്രമഴ പ്രവചിക്കുന്നുണ്ട്. രാത്രിയിൽ മഴയുടെ ശക്തി കുറഎഞ്ഞാലും മലയോരമേഖലകളിൽ കനത്ത മഴയ്ക്ക് തന്നെ സാദ്ധ്യതയുണ്ട്. വടക്കൻകേരളത്തിൽ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് അറിയിപ്പ്. നാളെ കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയാനിടയുണ്ടെങ്കിലും പിന്നീട് വീണ്ടും മഴയുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആഗസ്റ്റ് 15 കഴിഞ്ഞാൽ കടൽ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ തീരത്ത് തിരമാലകൾക്ക് സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണം.
ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 5936 കുടുംബങ്ങളിലെ 22,165 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. വയനാട്ടിലാണ് ഏറ്റവുമധികം പേർ ക്യാമ്പുകളിലുള്ളത്. 9951 പേർ. തിരുവനന്തപുരം- 656, പത്തനംതിട്ട- 62, ആലപ്പുഴ- 12, കോട്ടയം- 114, ഇടുക്കി- 799, എറണാകുളം- 1575, തൃശ്ശൂർ- 536, പാലക്കാട്- 1200, മലപ്പുറം- 4106, കോഴിക്കോട്- 1653, കണ്ണൂർ- 1483, കാസർകോട്- 18 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ.
ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യസൗകര്യങ്ങളൊരുക്കുന്നതുൾപ്പെടെ ഏകോപനച്ചുമതല കളക്ടർമാർ നിർവ്വഹിക്കുന്നു. ക്യാമ്പുകളിൽ ആവശ്യത്തിന് സാധനങ്ങൾ ശേഖരിക്കുന്നുണ്ട്. വസ്ത്രം, കിടക്കവിരി, പായ, മരുന്ന്, പാത്രങ്ങൾ, കുടിവെള്ളം എന്നിവ ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിച്ചു. ആരോഗ്യരംഗത്ത് ശ്രദ്ധ പ്രധാനമായതിനാൽ ആവശ്യത്തിന് ശുദ്ധജല ലഭ്യത ഉറപ്പാക്കും. ഡോക്ടർമാരുടെ സേവനവും ക്യാമ്പുകളിൽ ഉറപ്പുവരുത്തും. ജില്ലാ അധികൃതരുമായി സഹകരിച്ച് സന്നദ്ധപ്രവർത്തകർ ദുരിതാശ്വാസത്തിൽ സഹായിക്കാൻ മുന്നോട്ടുവരണം. കഴിഞ്ഞതവണത്തെ കൊടിയ പ്രളയത്തിന്റെ പ്രത്യാഘാതം പരിഹരിക്കാൻ ശ്രമിച്ചുവരുമ്പോഴാണ് വീണ്ടും കനത്ത മഴയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ 24 സ്ഥലങ്ങളിൽ
24 സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മലയോര മേഖലകളിൽ അതിനിയും തുടരുമെന്നാണ് മുന്നറിയിപ്പ്. അവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി ദുരിതാശ്വാസപ്രവർത്തനം ശക്തമാക്കും. വയനാട്ടിലെ മേപ്പാടിയിലാണ് ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായത്. രണ്ട് കുന്നുകൾക്കിടയിലുള്ള ഭാഗം പൂർണ്ണമായി ഒലിച്ചുപോയി. ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. വ്യോമസേനയുടെ സേവനം അഭ്യർത്ഥിച്ചു. ദേശീയ ദുരന്തപ്രതികരണ സേന, ഫയർഫോഴ്സ്, പൊലീസ്, വനം, മറ്റ് വിദഗ്ധ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും മേപ്പാടിയിലുണ്ട്. റോഡ് തടസ്സമായതിനാൽ കാനനപാതയിലൂടെയാണ് ഇവരെല്ലാം രക്ഷാപ്രവർത്തനത്തിനെത്തിയത്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ യന്ത്രോപകരണങ്ങൾക്ക് ക്ഷാമമുണ്ടായത് പരിഹരിക്കാൻ ക്രമീകരണം ഉറപ്പാക്കും.
ഉരുൾപൊട്ടലുണ്ടായ പുത്തുമലയുടെ മറുഭാഗത്തുള്ളവർ ഒറ്റപ്പെട്ടിട്ടുണ്ട്. അവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്രാൻ നടപടിയെടുക്കും. നിലമ്പൂരിലും കൂടുതൽ പ്രശ്നങ്ങളുണ്ട്. ചാലക്കുടിപ്പുഴയിലും വെള്ളമുയരാൻ സാദ്ധ്യതയുണ്ട്.
മന്ത്രിമാർക്ക് ചുമതല
പ്രളയബാധിത ജില്ലകളിൽ മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകി. ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കും. കുറ്റ്യാടി, പെരിങ്ങൽകുത്ത് ഡാമുകൾ തുറന്നു. ഇടുക്കി അണക്കെട്ടിൽ 30ശതമാനമേ വെള്ളമുള്ളൂ. പമ്പ- 50ശതമാനം, കക്കി- 25ശതമാനം, ഷോളയാർ- 40, ഇടമലയാർ- 40, ബാണാസുരസാഗർ- 78 എന്നിങ്ങനെയാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ശതമാനം. ബാണാസുരസാഗർ ഉടനെ തുറക്കേണ്ടി വന്നാൽ ആവശ്യമായ മുന്നൊരുക്കങ്ങൾക്ക് സംവിധാനമൊരുക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ കോണ്ടൂർ കനാൽ തകർന്നതിനാലാണ് ചാലക്കുടിപ്പുഴയിലേക്ക് കൂടുതൽ വെള്ളമെത്താൻ സാദ്ധ്യത കാണുന്നത്. പെരിയാർ നിറഞ്ഞൊഴുകുന്നതിനാൽ ആലുവ, കാലടി ഭാഗങ്ങളിൽ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.
58ജലവിതരണ പദ്ധതികൾ തടസ്സപ്പെട്ടു
വെള്ളപ്പൊക്കം കാരണം ജല അതോറിറ്റിയുടെ 58 ജലവിതരണപദ്ധതികൾ തടസ്സപ്പെട്ടു. 1,66,000 കുടിവെള്ള കണക്‌ഷനുകളെ ഇത് ബാധിച്ചിട്ടുണ്ട്. വെള്ളം പൂർണ്ണമായി ഇറങ്ങിയാലേ ഇവയുടെ അറ്റകുറ്റപ്പണി സാദ്ധ്യമാകൂ. ഇവിടങ്ങളിൽ ടാങ്കറുകൾ ഏർപ്പെടുത്താൻ സംവിധാനമൊരുക്കി.
രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തപ്രതികരണസേനയുടെ 13ടീമുകളെത്തി. തകർന്ന ഗതാഗതസംവിധാനം പുനസ്ഥാപിക്കാൻ എൻജിനിയറിംഗ് ടാസ്ക് ഫോഴ്സിന്റെ മൂന്ന് ടീമുകൾ ഉടനെത്തും. മൂന്ന് കോളം സൈന്യം ഇപ്പോഴുണ്ട്. മദ്രാസ് റജിമെന്റിന്റെ രണ്ട് ടീമുകൾ ഉടൻ പാലക്കാടെത്തും. രക്ഷാപ്രവർത്തനത്തിനും ഭക്ഷണവിതരണത്തിനും സൈന്യത്തിന്റെ സേവനം ചോദിച്ചിട്ടുണ്ട്.
ആളുകൾ മാറിത്താമസിക്കാൻ മടിക്കരുത്
അപകടമുണ്ടാവുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറിത്താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മാറിത്താമസിക്കാത്തതിന്റെ പേരിൽ അപകടമുണ്ടാകുന്ന സാഹചര്യമൊഴിവാക്കാനാണ് ഇതിന് അഭ്യർത്ഥിക്കുന്നത്. മലയോരമേഖലയിൽ വിനോദസഞ്ചാരം തൽക്കാലം ഒഴിവാക്കണം. കൊച്ചി വിമാനത്താവളം അടച്ചിടേണ്ടി വന്നതിനാൽ തിരുവനന്തപുരത്ത് വിമാനമിറക്കാൻ സിവിൽ ഏവിയേഷൻ വകുപ്പ് സംവിധാനമൊരുക്കി. ഇവിടെയിറങ്ങുന്നവർക്ക് യാത്രാസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി പ്രത്യേകസംവിധാനമൊരുക്കും. കൊച്ചി നേവൽ ബേസ് വിമാനത്താവളത്തിന്റെ സൗകര്യവും അഭ്യർത്ഥിച്ചു. ട്രാക്കിൽ മരം വീണും വൈദ്യുതിതടസ്സമുണ്ടായും ട്രെയിനുകൾ വൈകുന്നുണ്ട്. ചിലവ വഴിതിരിച്ചുവിടേണ്ടി വന്നു. രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. തടസ്സപ്പെട്ട സ്റ്റേഷനുകളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവ്വീസ് ഏർപ്പെടുത്തി. സഹായത്തിന് 24മണിക്കൂർ കൺട്രോൾറൂമുകൾ എല്ലാ ജില്ലകളിലുമുണ്ട്. ട്രാക്കിൽ വീണ മരങ്ങൾ നീക്കാൻ വേഗത്തിൽ നടപടിയെടുക്കാൻ റെയിൽവേയോട് അഭ്യർത്ഥിച്ചു. ദുരന്തമുണ്ടായ മേഖലകളിൽ വാർത്താവിനിമയ സംവിധാനം തകരാറിലായതിനാൽ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. വയർലസ്, പോർട്ടബിൾ മൊബൈൽ ടവറുകൾ എന്നിവ ക്രമീകരിക്കാനാണ് നീക്കം. പ്രതിരോധ സെക്രട്ടറിയും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ചീഫ്സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മേപ്പാടിയിൽ പ്രത്യേക മെഡിക്കൽസംഘം
മേപ്പാടിയിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് മരുന്നും ഭക്ഷണവുമെത്തിക്കാൻ പ്രത്യേക മെഡിക്കൽസംഘത്തെ നിയോഗിച്ചു. മഴക്കെടുതിയിൽ ആരും ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് സർക്കാർസംവിധാനം കൊണ്ട് മാത്രം കഴിയില്ലെന്നതിനാൽ നാടാകെ രംഗത്തിറങ്ങണം. കഴിഞ്ഞ പ്രളയത്തിന്റെ ദൃശ്യം ഇപ്പോൾ മാദ്ധ്യമങ്ങൾ കാണിച്ച് ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കൺട്രോൾ റൂം നമ്പരുകൾ:
ടോൾഫ്രീ : സംസ്ഥാനം: 1070 , ജില്ലകളിൽ: 1077.
സെക്രട്ടേറിയറ്റ് മിനി കൺട്രോൾറൂം: 0471- 2333639, 2333198.
സെക്രട്ടേറിയറ്റ് കൺട്രോൾറൂം: 2329227, 2518356.
ആലപ്പുഴ വള്ളം കളി മാറ്റി
കനത്ത മഴ കാരണം നാളെ നടക്കേണ്ട ആലപ്പുഴയിലെ നെഹ്റുട്രോഫി വള്ളംകളി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു.