കാസർകോട്: വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. ഇതിന്റെ ഫലമായി തേജസ്വിനി പുഴയുടെ കുറുകെയുളള കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസർകോട് അച്ചാംതുരുത്തി – കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം വെള്ളപാച്ചിലിൽ ഒലിച്ചു പോയി. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം. ഏത് സമയത്തും തകർന്ന് വീഴുമെന്ന നിലയിലായിരുന്നു ഈ നടപ്പാലം.
അച്ചാംതുരുത്തി എന്ന ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് 2000ൽ നാട്ടുകാരുടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം, ചെറുവത്തൂർ പഞ്ചായത്തുകൾ എന്നിവയുടെ സഹായത്തോടെ 400 മീറ്റർ നീളത്തിൽ നടപ്പാലം നിർമ്മിച്ചത്. പ്രധാനമായും പാലത്തിന്റെ നിർമ്മാണത്തിനായി കോൺക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളുമാണ് ഉപയോഗിച്ചത്. പുതുതായി പണിത കോട്ടപ്പുറം – അച്ചാംതുരുത്തി റോഡ് പാലം കഴിഞ്ഞ വർഷം ജനങ്ങൾക്ക് തുറന്നു കൊടുത്തുവെങ്കിലും അച്ചാംതരുത്തിയിലെ വലിയൊരു ഭാഗം ജനങ്ങൾ ഉപയോഗിക്കുന്നത് ഈ നടപ്പാലം തന്നെയായിരുന്നു.