atm-

കുന്നംകുളം : അക്കൗണ്ടിൽ കേവലം 531 രൂപ മാത്രമുള്ളയാൾ എ.ടി.എമ്മിലൂടെ നാല് തവണയായി പിൻവലിച്ചത് 4600 രൂപ. എന്നാൽ നാളിതുവരെയായിട്ടും നൽകിയ രൂപ തിരികെ കിട്ടാതായതോടെ റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നിരിക്കുകയാണ് ബാങ്ക്. സിൻഡിക്കേറ്റ് ബാങ്കിന്റെ കുന്നംകുളം ശാഖയിൽ അക്കൗണ്ടുള്ള കിഴൂർ ഏറത്ത് വീട്ടിൽ സാജു എന്ന വ്യക്തിയാണ് 2013ൽ എ.ടി.എമ്മിലൂടെ പണം പിൻവലിച്ചത്. പണം പിൻവലിക്കുന്ന സമയം ഇയാളുടെ അക്കൗണ്ടിൽ 531 രൂപ മാത്രമാണുള്ളത്. എന്നാൽ 4600 രൂപയാണ് ഇയാൾ പിൻവലിച്ചത്. സേവിംഗ്സ് അക്കൗണ്ടിൽ പണമില്ലെങ്കിലും അക്കൗണ്ട് ഉടമ പിന്നീട് ബാങ്കിന് പണം നൽകുമെന്ന സംവിധാനത്തിൽ 5000 രൂപ വരെ ഇത്തരത്തിൽ നൽകാറുണ്ടെന്ന് ബാങ്ക് അധികൃതരുടെ ഭാഷ്യം, എന്നാൽ പണം മുൻകൂറായി എടുത്തിട്ടും നാളിതുവരെയായി തിരികെ ലഭിക്കാതായതോടെയാണ് നടപടികളിലേക്ക് ബാങ്ക് കടന്നിരിക്കുന്നത്.

തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സജി തിരികെ അടയ്‌ക്കേണ്ട തുക പലിശയുൾപ്പടെ 10,422 രൂപയായി ഉയർന്നിട്ടുണ്ട്. എന്നാൽ ഇയാളെ ഇതുവരെയും കണ്ടെത്താൻ ബാങ്ക് ഉദ്യോഗസ്ഥർക്കായില്ല. റവന്യൂ റിക്കവറിക്ക് അപേക്ഷ നൽകിയ ബാങ്ക് അധികൃതർ സാജുവിന്റെ വിലാസത്തിലേക്ക് ജപ്തിനോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാൽ ഒറ്റത്തവണ തീർപ്പാക്കലിലൂടെ പലിശ ഒഴിവാക്കി മുതലെങ്കിലും തിരികെ കിട്ടിയാൽ നോട്ടീസ് പിൻവലിച്ച് പ്രശ്നത്തിൽ നിന്നും തലയൂരാനും ബാങ്ക് അധികൃതർ ഒരുക്കമാണ്, പക്ഷേ ഈ വിവരം പറയാൻ പോലും സജുവിനെ കണ്ടെത്താനായിട്ടില്ല, ഇയാൾ നൽകിയിരുന്ന മൊബൈൽ നമ്പരും പ്രവർത്തനരഹിതമായ നിലയിലാണ്.