കണ്ണൂർ: കനത്തെ മഴയെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും ആലുവ ശിവ ക്ഷേത്രത്തിലും വെള്ളം കയറി. പറശ്ശിനിക്കടവ് ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ഭക്തരെ വഞ്ചികൾ വഴിയാണ് പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ക്ഷേത്രത്തിനുള്ളിലേക്ക് വെള്ളം കയറിയത്. കണ്ണൂർ ജില്ലയിൽ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബാവലിപ്പുഴയും വളപട്ടണം പുഴയുമെല്ലാം കരകവിഞ്ഞൊഴുകി. പലയിടത്തും ഉരുൾപൊട്ടലുണ്ടായി. കണ്ണൂർ കൊട്ടിയൂർ ചപ്പ മലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഇരുപത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെയാണ് ശിവ ക്ഷേത്രത്തിനകത്തേക്കും വെള്ളം കയറിയത്. ഇന്നലെ രാത്രിയോടെ തന്നെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിൽ വെള്ളം കയറിയിരുന്നു. എന്നാൽ, ഇന്ന് പുലർച്ചയോടെ അമ്പലത്തിനകത്തേക്കും വെള്ളം കയറിയതിനാൽ പൂജകൾ നടന്നില്ല. സമുദ്രനിരപ്പിൽ നിന്നും 1.8 മീറ്റർ ആണ് ഇന്ന് രാവിലെ പെരിയാറിലെ ജലനിരപ്പ്. വെള്ളത്തിൽ ചെളിയുടെ അംശവും കൂടുതലായുണ്ട്.
2018-ൽ പ്രളയത്തിനു മുൻപായി മൂന്നു തവണയാണ് പെരിയാറിൽ ജലനിരപ്പ് ഉയർന്ന് ഈ ക്ഷേത്രത്തിൽ ആറാട്ട് നടന്നത്. അണക്കെട്ടുകൾ തുറന്നുവിട്ടതോടെയാണ് പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയർന്നത്. പെരിയാറിൽ വെള്ളം ഉയർന്ന് ആറാട്ട് നടന്ന കാഴ്ച കാണാനായി നൂറുകണക്കിനു പേരാണ് നടപ്പാലത്തിലും മണപ്പുറത്തും എത്തിയത്. അതേസമയം, എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകളും, കൺട്രോൾ റൂമുകളും തുറന്നു. കനത്ത ജാഗ്രതാ നിർദ്ദേശമാണ് ജില്ലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്.