തിരുവനന്തപുരം : ഏറെ കോളിളക്കമുണ്ടായ അമ്പൂരി കൊലപാതകത്തിൽ സൈനികനായിരുന്ന അഖിൽ കൊലപ്പെടുത്തിയ രാഖിയുടെ മൃതദേഹം കണ്ടെത്തിയ കുഴിയിൽ നിറഞ്ഞ മഴവെള്ളം അയലത്തെ വീടിന് ഭീഷണിയായി. അഖിൽ പണികഴിപ്പിച്ചുകൊണ്ടിരുന്ന പുതിയ വീടിന് സമീപത്തായുള്ള പറമ്പിലാണ് രാഖിയെ കൊന്ന് കുഴിച്ചുമൂടിയത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയും രാഖിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. പരിശോധനയ്ക്കായി മൃതദേഹം വീണ്ടെടുക്കാനായി പൊലീസ് കുഴിച്ച കുഴി മണ്ണിട്ട് മൂടാതിരുന്നതാണ് അയൽവാസിക്ക് ശാപമായി മാറിയത്. കനത്ത മഴയിൽ ഈ കുഴിയിൽ വെള്ളം നിറഞ്ഞ് അഖിലിന്റെ പുരയിടത്തിന്റെ അതിര് തിരക്കാനുപയോഗിച്ച കരിങ്കല്ലും മണ്ണും സഹിതം തൊട്ടടുത്ത വീട്ടിലെ ശുചിമുറിയിലേക്ക് മറിയുകയുമായിരുന്നു.
രാഖിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്യാനായി അഖിലും കൂട്ടുകാരും കുഴിയെടുത്തത് അയൽ വീട്ടുകാരനായ സജി കണ്ടിരുന്നു. എന്തിനാണ് കുഴിയെടുക്കുന്നതെന്ന് ചോദിച്ചപ്പോൾ മരം നടാനെന്ന മറുപടിയാണ് ഇയാൾ നൽകിയിരുന്നത്.