kaumudy-news-headlines

1. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്


2. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ അതി ശക്തമായ മഴ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 22 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 315 ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി കഴിയുന്നത് 23,000 പേര്‍. വയനാട്ടില്‍ ക്യാമ്പിലുള്ളത് 10,000ത്തോളം പേര്‍. കടല്‍ പ്രക്ഷുബ്ധം ആയതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. ദുരന്തം നേരിടാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലും സാഹചര്യം വിലയിരുത്താന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം. പെരിങ്ങല്‍കുത്ത്, കുറ്റിയാടി അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ബാണസുര സാഗര്‍ തുറക്കേണ്ടി വരും എന്നും മുഖ്യമന്ത്രി
3. ഏറ്റവും വലിയ ദുരന്തം വയനാട് മേപ്പാടിയില്‍ എന്ന് മുഖ്യമന്ത്രി. ജലക്ഷാമം രൂക്ഷമായിടത്ത് ടാങ്കറുകളില്‍ ശുദ്ധജലം എത്തിക്കും. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംവിധാനം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 13 സംഘങ്ങള്‍ എത്തിയിട്ടുണ്ട്. തകര്‍ന്ന ഗതാഗതം ഉടന്‍ പുനസ്ഥാപിക്കും. മദ്രാസ് റെജിമെന്റിന്റെ രണ്ട് ടീം എത്രയും വേഗം പാലക്കാട് എത്തും. രക്ഷാ പ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണത്തിനും സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലയില്‍ നിന്ന് ജനങ്ങളെ എത്രയും വേഗം മാറ്റി പാര്‍പ്പിക്കണം എന്ന് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിന്റെ അനുഭവം ഉള്‍ക്കൊണ്ടു കൊണ്ട് രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണം. മലയോര മേഖലയിലെ വിനോദ സഞ്ചാരം ഒഴിവാക്കണം
4. വെള്ളം കയറുമെന്ന് ഭയപ്പെടുന്ന മേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണം. സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൊച്ചി വിമാന താവളം അടച്ചതിനാല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറക്കണം. യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തുന്നു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ട സ്റ്റേഷനുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. സഹായത്തിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാണ്. പ്രളയ ബാധിത മേഖലകളിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി. എല്ലാ ജില്ലകളിലും വിളിക്കേണ്ടത് 1077 എന്ന ഒറ്റ നമ്പര്‍. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സജ്ജം എന്നും പ്രതികരണം
5. സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന പേമാരിക്ക് ശമനമില്ല. കോഴിക്കോടും മലപ്പുറത്തും കോട്ടയത്തും വയനാട്ടിലും ഉരുള്‍പൊട്ടല്‍. സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 23 ആയി. ഇന്ന് മാത്രം 19 പേരാണ് മരിച്ചത്. കേരളത്തിന് പ്രളയ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. വയനാട് പുത്തുമലയില്‍ ഉണ്ടായത് വന്‍ ദുരന്തം. നൂറേക്കറില്‍ അധികം സ്ഥലം ഒലിച്ചു പോയി. അപകടത്തില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരും എന്ന് വിവരം. മേപ്പാടിയില്‍ ഉണ്ടായ ഉരുല്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
6. ചാലക്കുടി കോട്ടറ്റ് വീടുകളില്‍ വെള്ളം കയറി. ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് സൈന്യം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. 30 പേരടങ്ങുന്ന ആര്‍മി ടീം താമരശേരിയിലും 20 പേരടങ്ങുന്ന ബി.എസ്.എഫ് ടീം വിലങ്ങാടും രക്ഷാപ്രവര്‍ത്തനം തുടരുക ആണ്. ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി. ഇവിടെയും ജനങ്ങള്‍ ജാഗ്രത പാലിക്കണം. കൊച്ചിയിലെ കാനകളിലെയും കനാലുകളിലെയും തടസ്സങ്ങളും കയ്യേറ്റങ്ങളും അടിയന്തരമായി നീക്കാന്‍ നിര്‍ദ്ദേശം. കക്കയം ഡാം അല്‍പ സമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കും.
7. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒറ്റദിവസം കൊണ്ട് ഏഴടി വെള്ളമാണ് ഉയര്‍ന്നത്. ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. കോഴിക്കോട് കുറ്റിയാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 266 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 5090 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ വയനാട് ജില്ലയിലാണ്. 105 ക്യാമ്പുകളാണ് വയനാട്ടിലുള്ളത്. മീനച്ചിലാര്‍ കര കവിഞ്ഞതോടെ പാലാ നഗരം വെള്ളത്തില്‍ മുങ്ങി. മൂന്നാനി, കൊട്ടാമറ്റം ബസ് ടെര്‍മിനല്‍, ചെത്തിമറ്റം, മുത്താലി, പുലിയന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റില്‍ വെള്ളം വരവ് ശക്തമായി തുടരുകയാണ്.
8. ബേപ്പൂരില്‍ ബോട്ട് ഒലിച്ചുപോയി. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെയും രക്ഷപ്പെടുത്തി. പാലക്കാട് കരിമ്പയില്‍ ഉരുള്‍പൊട്ടി. നാലു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പട്ടാമ്പിയില്‍ ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു .പട്ടാമ്പി പാലത്തിന് മുകളിലൂടെയും വെള്ളം ഒഴുകുകയാണ്. കോഴിക്കോട് വടകര വിലങ്ങാട് ആലിമലയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകള്‍ തകര്‍ന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാതായി. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിറുത്തിവച്ചു.