kerala-tourism

കോട്ടയം: കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി ഗ്രാമങ്ങളിൽ രാപാർക്കാം. തൂശനിലയിൽ പരിപ്പും പപ്പടവും പായസവുമുള്ള ഓണസദ്യയുണ്ണാം .ഓണപ്പാട്ടു കേൾക്കാം. ഊഞ്ഞാലാടാം. ഓണക്കളികളിലേർപ്പെടാം. ഓണസമ്മാനവും സ്വന്തമാക്കാം. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റേതാണ് ഈ പദ്ധതി.

'ഓണമുണ്ണാം ഓണസമ്മാനങ്ങൾ വാങ്ങാം’ എന്ന വേറിട്ട പരിപാടി കുമരകത്തും അരങ്ങേറും.ഗ്രാമീണ സൗന്ദര്യം നുകർന്ന് സഞ്ചാരികളെ നാട്ടിൻപുറത്തെ വീടുകളിൽ എത്തിച്ച് വീട്ടുകാർക്കൊപ്പം ഓണം ആസ്വദിക്കുന്നതിന് അവസരമൊരുക്കുകയാണ് പരിപാടി. മലയാളികൾക്കും ഇതര സംസ്ഥാന ടൂറിസ്റ്റുകൾക്കും ഇങ്ങനെ ഓണം അടിച്ചു പൊളിക്കാം. ഉത്തരവാദിത്വ ടൂറിസം മിഷൻ 2017ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് ആകർഷകമായ മാറ്റങ്ങളോടെ ഈ ഓണത്തിന് വിപുലമായി നടപ്പാക്കുന്നത്.

നാലു തരം പാക്കേജ്

(സെപ്തംബർ ഒന്നു മുതൽ 30 വരെ)

 -രണ്ട് കുട്ടികൾ അടക്കമുള്ള നാലംഗ കുടുംബത്തിന് ഗ്രാമീണ ഓണവിരുന്ന്. താമസത്തോടൊപ്പം ഗ്രാമീണസദ്യയും (നിരക്ക് 3,000 മുതൽ 8,500 രൂപ വരെ)

 -പരമ്പരാഗത ഓണസദ്യയുടെ രുചി അറിയാൻ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയ പാക്കേജ് . (150 രൂപ മുതൽ 250 രൂപ വരെയാണ് സദ്യയുടെ നിരക്ക്)

 -ഗ്രാമങ്ങളിലൂടെ പഴമയിലേയ്ക്ക് യാത്ര. ഒപ്പം ഓണസദ്യയും ഓണസമ്മാനങ്ങളും

(12 വരെയുള്ള രണ്ട് കുട്ടികൾ അടക്കമുള്ള നാലംഗ കുടുംബത്തിന് 3000 രൂപ)

 -കേരളത്തിലെ വിവിധ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളിൽ വ്യത്യസ്‌തമായ ഓണം വില്ലേജ് ലൈഫ് എക്‌സ് പീരിയൻസ് അനുഭവിച്ചറിയാനുള്ള പാക്കേജുകളുമുണ്ട്.

ഓണം യാന്ത്രികമാകുന്ന കാലത്ത് ഓണം എങ്ങനെ ആസ്വാദ്യകരമാക്കാമെന്നാണ് ‘നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് എത്തുന്ന ടൂറിസ്റ്റുകൾക്ക് വേമ്പനാട്ട് കായലിലൂടെയുള്ള ബോട്ടിംഗും റിസോട്ടിലെ താമസത്തിനുമപ്പുറം ഗ്രാമീണ ജീവിതം മനസിലാക്കിക്കൊടുക്കാനും നാടൻ ഓണസദ്യയുടെ രുചി നാവിലെത്തിക്കാനുമാണ് ശ്രമം.

ഭഗത് സിംഗ്, ഉത്തരവാദിത്വ ടൂറിസം മിഷൻ കോ- ഒാർഡിനേറ്റർ, കുമരകം