landslide

മലപ്പുറം: കനത്തമഴയെ തുടർന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ നിലമ്പൂരിലെ ഭൂതാനം കവളപ്പാറ, പതാർ പ്രദേശങ്ങളിൽ 30 ഓളം വീടുകൾ മണ്ണിനടിയിലായി. ഈ വീടുകളിൽ താമസിച്ചിരുന്നവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനാവാത്തത് ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. രണ്ട് വലിയ മലകളുടെ ഇടയിലുള്ള പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ റോഡുകളിൽ 20 അടിയിലധികം ഉയരത്തിൽ ചെളിയും വെള്ളവും നിറഞ്ഞിരിക്കുന്നതിനാൽ മണിക്കൂറുകൾ വൈകി ഇന്ന് ഉച്ചയോടെയാണ് രക്ഷാപ്രവർത്തകർ ഇവിടേക്ക് എത്തിയത്. പാലക്കാട് നിന്നും എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം ഇവിടേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്താൻ വേണ്ട ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ മൂലം പലയിടത്തേക്കും എത്താനാകുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, ദുരന്തം മുൻകൂട്ടിക്കണ്ട് വീടുകൾ ഉപേക്ഷിച്ചിറങ്ങിയ 60ഓളം പേർ ഇവിടെ മരക്കൊമ്പുകളിലും പാറയുടെ മുകളിലുമായി കഴിയുകയാണ്. പ്രദേശത്ത് നിരന്തരമുണ്ടാകുന്ന മഴയും രക്ഷാപ്രവർത്തനത്തിന് തടസമാണ്. വൈദ്യുതി ടെലിഫോൺ ബന്ധങ്ങൾ തകരാറിലായതോടെ പ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. മലവെള്ളപ്പാച്ചിലിൽ കിലോമീറ്ററുകളോളം സ്ഥലം മുങ്ങികിടക്കുകയാണ്.ഏതാനും ദിവസമായി തുടരുന്ന മഴയിലും കാറ്റിലും വൈദ്യുതി ലൈനുകൾ തകരാറിലായതിനാൽ പ്രദേശത്ത് കഴിഞ്ഞ നാലുദിവസമായി വൈദ്യുതിയില്ല.

മൊബൈൽഫോണുകളുടെയും ടവറുകളുടെയും പ്രവർത്തനം തകരാറിലാകാൻ ഇത് കാരണമായി. ബി.എസ്.എൻ.എല്ലിന്റെ ഒരു ടവർ മാത്രമാണ് അവിടെ പ്രവർത്തിക്കുന്നത്. കവളപ്പാറയിലും പതാറിലും ഇതിനോട് ചേർന്നുള്ള തുരുത്തുപോലുള്ള പ്രദേശത്തും ഇന്നലെ മുതൽ നിരവധി കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നതായി സഹായ അഭ്യർത്ഥനയോടെ സമൂഹമാദ്ധ്യമങ്ങളിൽ അറിയിപ്പുണ്ടായെങ്കിലും റോഡുകൾ പൂർണമായും തകർന്നതിനാൽ രക്ഷാപ്രവർത്തക‌ർക്കോ പൊലീസിനോ സ്ഥലത്ത് എത്തിച്ചേരാനായിട്ടില്ല. നേവിയുടെ ഹെലികോപ്റ്റർ സഹായമുണ്ടെങ്കിലേ ഇവിടെ രക്ഷാപ്രവർത്തനം സാദ്ധ്യമാകൂവെന്നാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ. മണ്ണും ചെളിയുമടിഞ്ഞും മരങ്ങൾ കടപുഴകിയും കൂറ്റൻ പാറകളും കല്ലുകളും കുത്തിയൊലിച്ചും കിലോമീറ്ററുകളോളം ഒഴുകിപ്പരന്ന ഇവിടെ മണ്ണിനടയിൽപ്പെട്ട വീടുകളിൽ ആളുകൾ കുടുങ്ങികിടപ്പുണ്ടാകാനാണ് സാദ്ധ്യത.

റവന്യൂ, പൊലീസ് ഫയർഫോഴ്സ്, നേവി സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചാലേ ഇതിൽ വ്യക്തത വരൂ. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പാറയ്ക്കും മരങ്ങൾക്കും മുകളിൽ കഴിയുന്നവരെയും വീണ്ടും മലയിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകും മുമ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്. റോഡുകൾ തകർന്നതിനാൽ ഹെലികോപ്റ്ററുകൾ എത്തിച്ച് എയർലിഫ്റ്റിംഗ് വഴിയേ ഇവിടെ രക്ഷാപ്രവർത്തനത്തിന് കഴിയൂവെന്നാണ് ലഭിക്കുന്ന വിവരം.