തൃശൂർ: വൈദ്യുതി ടവറിന്റെ അറ്റകുറ്റപ്പണികൾക്കായി പോകുമ്പോൾ വള്ളം മറിഞ്ഞ് തൃശൂർ ചാവക്കാട് പുന്നയൂർകുളത്ത് കെ.എസ്.ഇ.ബി അസിസ്‌റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം. കെ.എസ്.ഇ.ബിയുടെ വിയ്യൂർ ഓഫീസിലെ അസിസ്‌റ്റന്റ് എഞ്ചിനീയർ ബൈജു ആണ് മരിച്ചത്. അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്.
വയനാട് മേപ്പാടി പുതുമലയിൽ അതിഭയങ്കരമായ ഉരുൾപ്പൊട്ടലിൽ നിരവധിപേർ അകപ്പെട്ടതായി സംശയമുണ്ട്. ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തകർക്കുപോലും കടന്നുചെല്ലാൻ കഴിയാത്തത്ര ദുഷ്കരമാണ് സ്ഥിതിഗതികൾ. സൈന്യവും എത്തിച്ചേർന്നിട്ടുണ്ട്. എത്ര കുടുംബങ്ങൾ ഉരുൾപൊട്ടലിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തതയില്ല. നിലമ്പൂർ കവളപ്പാറ പതാറിൽ ഉരുൾപൊട്ടലുണ്ടായി. മുപ്പതോളം വീടുകൾ മണ്ണിനടിയിലായതായി സംശയമുണ്ട്. 65 കുടുംബങ്ങളാണ് അവിടെയുള്ളത്. വലിയ പാറയുടെ മുകളിലുമൊക്കെയാണ് ജനം കയറി നിൽക്കുന്നത്. രക്ഷാപ്രവർത്തകർക്ക് അൽപ്പം മുമ്പാണ് ഇവിടേക്ക് എത്താനായത്സൈന്യവും ദുരന്ത നിവാരണസേനയും മിക്കയിടങ്ങളിലും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 25ആയി. ശക്തമായ കാറ്റിലും മഴയിലും തീരദേശപാതയിൽ ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ഇന്ന് പുലർച്ചെ 3 ഓടെ റെയിൽവേ ട്രാക്കിൽ രണ്ടിടത്ത് മരങ്ങൾ ഒടിഞ്ഞുവീണു. ഇതോടെ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തകരാർ പരിഹരിച്ചെങ്കിലും റെയിൽപാത സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നിറുത്തി. പാലക്കാട് വെള്ളപ്പൊക്കം ഉണ്ടായി. സംസ്ഥാനം വീണ്ടുമൊരു പ്രളയ ഭീതിയിലാണ്. മിക്ക ജില്ലകളിലും ജനജീവിതം ദുസഹമായി. 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. നാളെയോടെ മഴ ശമിക്കുമെങ്കിലും 15ന് വീണ്ടും അതിശക്തമായ മഴയെത്തുമെന്നാണ് മുന്നറിയിപ്പ്. ഇത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.