ഈ ലോകത്തിലെ സൗന്ദര്യം പ്രകൃതിയിലും അതിൽ ജീവിക്കുന്നവരിലുമാണ്. അമ്പിളി എന്ന സിനിമ അത് പോലെയാണ്.. മനോഹരമായ പ്രകൃതി ഈ സിനിമയുടെ ആദ്യാവസാനം പശ്ചാത്തലമാണ്. ആ പശ്ചാത്തലത്തിൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്പിളിയുടെ കഥ അനാവരണം ചെയ്യുമ്പോൾ അത് ഹൃദ്യമായ അനുഭവമാണ്.
ചന്തമേറും അമ്പിളി
കുട്ടികളെ പോലെ പെരുമാറുന്ന ഒരു 'വലിയ കുട്ടിയാണ്' അമ്പിളി. ശരീരം വളർന്നെങ്കിലും മനസ് വളർന്നിട്ടില്ല ഇദ്ദേഹത്തിന്. ഒരു പൂർവ്വ സൈനികന്റെ മകനായ അമ്പിളി നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. ചിലർ അമ്പിളിയെ പറ്റിച്ച് ജീവിക്കുന്നുണ്ടെന്നത് മറ്റൊരു വാസ്തവം. പക്ഷെ അതൊന്നും അമ്പിളിക്ക് വിഷയമല്ല. അവന് വേണ്ടത് സ്നേഹവും പരിഗണനയുമാണ്. അച്ഛനും അമ്മയും ഇല്ലാതെ ജീവിക്കുന്ന അമ്പിളിക്ക് സ്നേഹിക്കാൻ ഡൽഹിയിൽ ജീവിക്കുന്ന ടീനയുണ്ട്-തന്റെ ബാല്യകാല സഖി. ടീനയുടെ അച്ഛൻ പട്ടാളക്കാരൻ ആയിരുന്ന കാലത്ത് തുടങ്ങിയതാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധം. ടീനയുടെ സഹോദരൻ ബോബിയെയും അമ്പിളിക്ക് ജീവനാണ്. ഇവർക്കൊക്കെ തന്നെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം എന്നാണ് അമ്പിളി വിശ്വസിക്കുന്നത്.
പണ്ട് തന്റെ ഉറ്റ ചങ്ങാതിയായിരുന്ന ബോബി ഇന്നൊരു സൈക്ളിംഗ് ചാമ്പ്യനാണ്. ബോബി നാട്ടിലേക്ക് വരുന്നതോടെ കഥാഗതിയിൽ ചില മാറ്റങ്ങളുണ്ടാകുന്നു. അപ്പോഴും മാറ്റമില്ലാതെ തുടരുന്നത് അമ്പിളിക്ക് മാത്രമാണ്. ആ നിഷ്കളങ്കത തന്നെയാണ് പ്രേക്ഷകന് ഈ ചിത്രത്തോട് ഉണ്ടാകുന്ന ഇഷ്ടത്തിന്റെ പ്രധാന കാരണം.
അമ്പിളിയുടെ ചുറ്റുപ്പാടും മറ്റു കഥാപാത്രങ്ങളെയും ആദ്യ പകുതിയിൽ അവതരിപ്പിക്കുമ്പോൾ രണ്ടാം പകുതി ഒരു വലിയ യാത്രയാണ്. ഇത് പല തിരിച്ചറിലുകളുടെയും യാത്രയായി മാറുന്നു. പല തരം മനസുകളുടെയും അവയിലെ സൗന്ദര്യത്തിന്റെ കൂടി കഥയായി മാറുകയാണ് 'അമ്പിളി'.
പ്രകടനം
സൗബിൻ ഷാഹിർ ഒരു നടൻ എന്ന നിലയിൽ ബഹുദൂരം മുൻപോട്ട് പോയിരിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലെ സജിക്ക് ശേഷം അമ്പിളിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകും. തന്മയത്വത്തോടെ, അസാധാരണ പാടവത്തോടെയാണ് അമ്പിളി എന്ന കുട്ടികളുടെ മനസുള്ള കഥാപാത്രത്തെ അദ്ദഹം അവതരിപ്പിച്ചിരിക്കുന്നത്. സൗബിന്റെ ഡയലോഗ് ഡെലിവറി പോലും പ്രേക്ഷകനെ രസിപ്പിക്കും. മറ്റെന്തിനേക്കാളും ഉപരി ചിത്രത്തിന്റെ ഹൈലൈറ്റ് ഈ കഥാപാത്രമാണ്. മമ്മൂട്ടിയും ദിലീപുമൊക്കെ ഇത്തരം കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയോടൊന്നും സാമ്യം തോന്നാതെ തന്റേതായ ശൈലിയിൽ സൗബിന് അമ്പിളിയെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് പ്രശംസനീയമാണ്.
നടി നസ്റിയ നസീമിന്റെ സഹോദരൻ നവിൻ നസീമിന്റെ അരങ്ങേറ്റ ചിത്രമാണിത്. അൽപം അഹങ്കാരമുള്ള ബോബി എന്ന കഥാപാത്രം തന്റെ ആദ്യ ചിത്രമാണെന്ന് തോന്നിപ്പിക്കാത്ത വിധം പക്വമായി അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. തന്വി റാം, വെട്ടുകിളി പ്രകാശ്, ജാഫർ ഇടുക്കി തുടങ്ങിയവർ മറ്റ് ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ശരൺ വേലായുധൻ നായർ നിർവ്വഹിച്ച ഛായാഗ്രാഹണം ചിത്രത്തിനെ മനോഹരമാക്കിയിട്ടുണ്ട്. ഇടുക്കിയിലെയും കശ്മീരിലെയും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെയും ദൃശ്യങ്ങൾ ഒരേ പോലെ സുന്ദരമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രം പ്രേക്ഷകന് നൽകുന്ന അനുഭവത്തിൽ കാമറ പ്രധാന പങ്കു വഹിക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രചരണാർത്ഥം ഇറക്കിയ 'ഞാൻ ജാക്സൺ അല്ലെടാ' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. വിഷ്ണു വിജയ് സംഗീതം നിർവ്വഹിച്ച ചിത്രത്തിലെ മറ്റ് ഗാനങ്ങളും മനോഹരമാണ്.
ഗപ്പി എന്ന മനോഹര ചിത്രത്തിലൂടെ ശ്രദ്ദേയനായ സംവിധായകൻ ജോൺപോൾ ജോർജ് തന്റെ രണ്ടാം വരവും ഗംഭീരമാക്കി. ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതൽ പ്രേക്ഷകനെ കൈയിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വാഭാവികമായ അഭിനയവും തമാശകളും സംഭാഷണവും കഥ അവതരിപ്പിച്ചതിലെ മിഴിവും പ്രത്യേക പരാമർശം അർഹിക്കുന്നു. ഗപ്പി എങ്ങനെ ഹൃദ്യമായോ അത് പോലൊരു അനുഭവം പ്രതീക്ഷിച്ച് പോയാൽ നിരാശപ്പെടേണ്ടി വരില്ല.
അമ്പിളി എല്ലാതരത്തിലും മനോഹരമാണ്, നിലാവിനെ പോലെ.
വാൽക്കഷണം: മിഴിവാർന്ന അമ്പിളി
റേറ്റിംഗ്: 4/5