കൊച്ചി: റോയൽ എൻഫീൽഡിന്റെ ജനപ്രിയ ക്രൂസറുകളായ 350, 350 ഇ.എസ് ശ്രേണികളുടെ ആറ് പുത്തൻ പതിപ്പുകൾ വിപണിയിലെത്തി. കൊച്ചിയിൽ നടന്ന ചടങ്ങിൽ റോയൽ എൻഫീൽഡ് ഇന്ത്യ ബിസിനസ് ഹെഡ് ഷാജി കോശി ലോഞ്ചിംഗ് നിർവഹിച്ചു. ആകർഷക നിറഭേദങ്ങളുള്ള ബൈക്കുകളുടെ എക്‌സ്‌ഷോറൂം വില 1.12 ലക്ഷം രൂപ മുതലാണ്.
എൻഫീൽഡിന്റെ ഇന്ത്യയിലെ മൊത്തം വില്‌പനയിൽ എട്ട് ശതമാനം കേരളത്തിലാണെന്ന് ഷാജി കോശി 'കേരളകൗമുദി"യോട് പറഞ്ഞു. കേരളത്തിൽ വിറ്റഴിയുന്ന മൂന്ന് ബൈക്കുകളിൽ ഒന്ന് റോയൽ എൻഫീൽഡാണ്. വിപണി വിപുലീകരണത്തിന്റെ ഭാഗമായി ഇന്നലെ ദേശീയ തലത്തിൽ 250 സ്‌റ്റുഡിയോ സ്‌റ്റോറുകൾ തുറന്നു. പത്തെണ്ണം കേരളത്തിലാണ്. കേരളത്തിൽ 69 സ്‌റ്റോറുകളുണ്ട്. ആറുമാസത്തിനകം ഇത് 80 ആയി ഉയർത്തും.
ചെന്നൈയിൽ മൂന്നു പ്ളാന്റുകളാണ് കമ്പനിക്കുള്ളത്. 9.50 ലക്ഷം യൂണിറ്റുകളാണ് സംയുക്ത ഉത്‌പാദനശേഷി. മൊത്തം വില്‌പനയിൽ അഞ്ചു ശതമാനം കയറ്റുമതിയിലൂടെയാണ്. 50 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. ഉപഭോക്താക്കളുടെ മെയിന്റനൻസ് ചെലവ് 40 ശതമാനം വരെ കുറയ്ക്കാനായി സർവീസ് ഇടവേള ആറു മാസം/5000 കിലോമീറ്റർ ആയും ഓയിൽ ചേഞ്ച് ഇടവേള 12മാസം/10,000 കിലോമീറ്റർ ആയും ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.