karnataka-rain

മുംബയ്: കനത്തനാശം വിതച്ച് മഹാരാഷ്ട്രയിലും കർണാടകയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി ഇതുവരെ 32 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏഴുദിവസമായി തുടരുന്ന മഴയിൽ അകപ്പെട്ട 2.05 ലക്ഷംപ്പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധിപ്പേരെ കാണാതായി.

വെള്ളത്തിൽ മുങ്ങിയ സാംഗ്ലിയിൽ 14, കോലാപ്പൂരിൽ 4, സത്രയിൽ 7, പുനെയിൽ 6, സോളാപ്പൂരിൽ 1 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകൾ. സാംഗ്ലിയിലെ ബ്രാഹ്മണാൽ ഗ്രാമത്തിൽ രക്ഷാദൗത്യത്തിനെത്തിയ ബോട്ട് മറിഞ്ഞ് 14 പേർ മരിച്ച സംഭവത്തിൽ 5 പേരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ദുരിബാധിത മേഖലകളിൽ ഹെലികോപ്ടർ സന്ദർശനം നടത്തി. ഉൾഗ്രാമങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഹെലികോപ്ടറുകൾ ഉപയോഗിച്ച് രക്ഷപെടുത്താൻ തുടങ്ങി. ഭക്ഷ്യസാധനങ്ങളും ആകാശമാർഗ്ഗം വിതരണം ചെയ്യുന്നുണ്ട്. മുംബയ്, താനെ, പുനെ തുടങ്ങിയ നഗരങ്ങളിൽ ആഹാരസാധനങ്ങൾ ക്ഷാമമുണ്ട്. ഇഞ്ചിയുൾപ്പെടെയുള്ള പല അവശ്യ സാധനങ്ങൾക്കും വില കുതിച്ചുയർന്നതായും ആക്ഷേപമുണ്ട്.

 മരണഭീതിയിൽ കർണാടക

ബംഗളൂരു: കനത്തമഴയിലും മണ്ണിടിച്ചിലിലും പെട്ട് വലയുകയാണ് കർണാടക. കൊടക് കൊരംഗളയിൽ വീട് തകർന്നു വീണ് 5 പേർ മരിച്ചതുൾപ്പെടെ ഇതുവരെ 16 പേർക്ക് ജീവൻ നഷ്ടമായതായാണ് വിവരം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ 100കോടി രൂപ വകയിരുത്തിയതായും മരിച്ചവരുടെ ബന്ധുക്കൾക്ക് 5ലക്ഷം രൂപാവീതം നൽകുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം, കരസേനയും, വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന കർണാടകയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം.

ബെലഗാവി, ബാഗൽകോട്ട്, വിജയപുര, റായ്ച്ചൂർ തുടങ്ങി 15 ജില്ലകൾ വെള്ളത്തിനടിയിലായി. 2 ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

കൃഷിയിടങ്ങൾ വ്യാപകമായി നശിച്ചു. റോഡ്, ട്രെയിൻ ഗതാഗത സംവിധാനങ്ങൾ താറുമാറായി. ദീർഘദൂര സർവീസുകളടക്കം 18 ട്രെയിനുകൾ റദ്ദാക്കി. ബംഗളൂരു പുനെ ദേശീയപാത കോലാപൂരിന് സമീപം തകർന്നതിനെത്തുടർന്ന് ബെളഗാവി ജില്ല ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ ചാർമാടി ചുരം 2 ദിവസത്തേക്ക് അടച്ചു.

ചൊവ്വാഴ്ച മുതൽ ചുരത്തിൽ പലയിടങ്ങളിലായി 100 കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ബെളഗാവി, ബാഗൽകോട്ട്, വിജയാപുര, റായ്ചൂർ, ഹുബ്ബള്ളി, ധാർഡവാട് , ചിക്കൊഡി, കാർവാർ ഇില്ലകളിൽ മിക്ക പ്രദേശങ്ങളും നാല് ദിവസമായി വെള്ളത്തിനടിയിലാണ്.

മഹാരാഷ്ട്രയിലെ കൊയ്ന അണക്കെട്ട്കൂടി തുറന്ന് വിട്ടതിനെത്തുടർന്ന് കൃഷ്ണ നദിക്കുപുറമെ മാർക്കണ്ഡേയ, മാലപ്രഭ അടക്കം നാല് നദികൾ കൂടി കരകവിഞ്ഞൊഴുകുകയാണ്. ഒട്ടേറെ വീടുകളും പാലങ്ങളും ഒഴുകിപ്പോയി. കൃഷിയിടങ്ങൾ വ്യാപകമായി നശിച്ചു. കുടക് ചിക്കമംഗളൂരു , ഹാസൻ, ശിവമോഗ്ഗ, ഉടുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും മഴ തുടരുകയാണ്. അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.