വീടുനു സമീപത്തായി വലിയ മരങ്ങൾ സാധാരണയായി നട്ടുപിടിപ്പിക്കാറില്ല. മരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി വീടിനുകേടുപാടുണ്ടാവുമെന്നും, പ്രകൃതിക്ഷോഭങ്ങളിൽ മരം കടപുഴകി വീടിനുമുകളിൽ വീണ് അപകടമുണ്ടാവും തുടങ്ങിയ കാരണങ്ങളാലാണ് വൻമരങ്ങൾ വീടിനു സമീപം നട്ടുവളർത്താത്തത്. എന്നാൽ വീടിനു ചുറ്റിലും, പ്രത്യേകിച്ച് ചില ദിക്കുകളിലും പ്രത്യേക ഇനത്തിലുള്ള മരങ്ങളോ ചെടികളോ നട്ടുവളർത്തിയാൽ അവ വീടിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വാസ്തുശാസ്ത്ര പ്രകാരമുള്ള വിശ്വാസം.
വീടിന്റെ വടക്കുകിഴക്കേ മൂലയിൽ കണിക്കൊന്ന നട്ടുവളർത്തിയാൽ ഗൃഹത്തിൽ സമ്പത്തുണ്ടാകുമെന്നാണ് വിശ്വാസം. ഇതുപോലെ തുളസിച്ചെടിയുടെ കൂടെ മഞ്ഞൾ നടുന്നവരുമുണ്ട്. വീടിന്റെ വടക്ക് ഭാഗത്തായി നെല്ലിമരം നട്ടുവളർത്തുന്നതും വിശേഷഗുണം പ്രദാനം ചെയ്യും. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുപ്രകാരവും വീടിനു ചുറ്റും ചില വിശേഷപ്പെട്ട ചെടികൾ നട്ടുവളർത്തുന്നത് പ്രയോജനകരമാണെന്ന് വിശ്വാസമുണ്ട്. മുളയിനങ്ങളിലെ ചെടികളും പനമരങ്ങളും നട്ടുവളർത്തുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ വീടിന്റെ പ്രധാനവാതിലിനു മുന്നിലായി മരങ്ങൾ കാണപ്പെടുന്നത് ഫെങ്ഷുപ്രകാരം ഒട്ടും ശുഭകരമല്ല. ഇത് വീട്ടിനുള്ളിലേക്ക് നെഗറ്റീവ് എനർജി കടത്തിവിടുമെന്നാണ് വിശ്വാസം.